Thursday, March 4, 2010

കരുത്തന്‍ ഹമ്മര്‍ വിടപറയുന്നു


എന്നെങ്കിലും ഒരു ഹമ്മര്‍ സ്വന്തമാക്കാന്‍ കൊതിച്ചിരുന്നവര്‍ക്ക് ഇനി സ്വപ്‌നം സഫലമാകാനിടയില്ല. വമ്പന്‍ എസ്.യു.വിയായ ഹമ്മറിന്റെ നിര്‍മ്മാണം നിര്‍ത്താന്‍ ജനറല്‍ മോട്ടോഴ്‌സ് ആലോചിക്കുന്നു. ഇതോടെ ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ സ്വന്തമാക്കി അഭിമാനിച്ചിരുന്ന ഹമ്മര്‍ ഇനി ഓര്‍മ്മയാകും. കരുത്തിന്റെയും പൗരുഷത്തിന്റെയും പ്രതീകമായി ഒരു ഹമ്മര്‍ സ്വന്തമാക്കാന്‍ കൊതിച്ചവരെ നിരാശരാക്കുന്നതാണ് ജി.എമ്മിന്റെ തീരുമാനം.



ഇന്ധനക്ഷമവും മലിനീകരണ വിമുക്തവുമായ വാഹനങ്ങളുടെ വരവാണ് ഇന്ധന കൊതിയനായ ഹമ്മറിന്റെ നിലനില്‍പ്പിന് ഭീഷണിയായത്. ചൈനീസ് കമ്പനിയ്ക്ക് ഹമ്മര്‍ ബ്രാണ്ട് വില്‍ക്കാനുള്ള ജി.എമ്മിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വമ്പന്‍ അമേരിക്കന്‍ ഫോര്‍വീല്‍ ഡ്രൈവിന്റെ അന്ത്യമായി. ഹമ്മര്‍ വില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ തടസം നില്‍ക്കുകയായിരുന്നു. 2006 ല്‍ വന്‍തോതില്‍ ഉയര്‍ന്ന ഹമ്മര്‍ വില്‍പ്പന 2009 ഓടെ കുറഞ്ഞിരുന്നു. ഇന്ധനവില വര്‍ദ്ധിച്ചതാണ് വില്‍പ്പന കുറയാന്‍ കാരണം. പത്തു മൈലില്‍ താഴെ ആണ് ഹമ്മറിന്റെ മൈലേജ്.

ഹമ്മര്‍ പിന്‍വാങ്ങുന്നതോടെ ഇന്ധന കൊതിയന്മാരായ വമ്പന്‍ വാഹനങ്ങളോടുള്ള അമേരിക്കക്കാരുടെ അഭിനിവേശവും കുറയുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. 2006 ല്‍ 71,524 ഹമ്മറുകള്‍ വിറ്റഴിച്ചിരുന്നു. ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാസ്‌നഗര്‍ എട്ട് ഹമ്മറുകളുടെ ഉടമയാണ്. പാരിസ് ഹില്‍ട്ടണ്‍, മൈക് ടൈസണ്‍, ജെയിംസ് കാമറൂണ്‍, ഡേവിഡ് ബക്കാം എന്നിങ്ങനെ പോകുന്നു പ്രശസ്തരായ ഹമ്മര്‍ പ്രേമികളുടെ പട്ടിക. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്രസിങ് ധോണിയും, ഹര്‍ഭജന്‍ സിങ്ങും അടുത്തിടെ ഹമ്മറുകള്‍ സ്വന്തമാക്കിയിരുന്നു.



അമേരിക്കന്‍ സൈന്യത്തിനുവേണ്ടിമാത്രം നിര്‍മ്മിച്ചിരുന്ന ഹമ്മറുകള്‍ 1992 ലാണ് പൊതുജനങ്ങള്‍ക്കും നല്‍കി തുടങ്ങിയത്. കാലിഫോര്‍ണിയ ഗവര്‍ണര്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നഗര്‍ ആയിരുന്നു ഹമ്മറിന്റെ ആദ്യ സിവിലിയന്‍ ഉപഭോക്താവ്. എ.എം ജനറല്‍ എല്‍.എല്‍.സി ആയിരുന്നു സൈന്യത്തിനുവേണ്ടി ഹമ്മറുകള്‍ നിര്‍മ്മിച്ചിരുന്നത്. 1999 ല്‍ ജനറല്‍ മോട്ടോഴ്‌സ് ഹമ്മറിന്റെ വിതരണാവകാശം സ്വന്തമാക്കി. എ.എം ജനറല്‍ സൈന്യത്തിനുവേണ്ടി ഹമ്മര്‍ നിര്‍മ്മിയ്ക്കുന്നത് തുടര്‍ന്നു.

2002 ഓടെ ജനറല്‍ മോട്ടോഴ്‌സ് ഹമ്മര്‍ ഡീലര്‍ഷിപ്പുകള്‍ തുറന്നു. 2006 ല്‍ വില്‍പ്പനിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. 2008 ഓടെ വില്‍പ്പന കുറഞ്ഞു തുടങ്ങി. 2009 ജൂണില്‍ ചൈനയിലെ സിഷുവാന്‍ ടെങ്‌സോങ് ഹെവി ഇന്‍ഡസ്ട്രിയല്‍ മെഷിനറി കമ്പനി ഹമ്മര്‍ ബ്രാണ്ട് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. ഒക്ടോബറില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവച്ചു. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ കരാറിന് നിയമ സാധുത നല്‍കിയില്ല. ഹമ്മര്‍ ഏറ്റെടുക്കാന്‍ മറ്റാരെങ്കിലും വരുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാണ് ജി.എമ്മിന്റെ തീരുമാനം

1 comment:

  1. വിടവാങ്ങുന്ന കരുത്തന്‍..........

    ReplyDelete