Thursday, March 11, 2010

ലോകത്തിലെ പത്ത് ധനാഢ്യരില്‍ മുകേഷ് അംബാനിയും മിത്തലും


Posted on: 11 Mar 2010


ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ പത്ത് ധനാഢ്യരുടെ ലിസ്റ്റില്‍ രണ്ട് ഇന്ത്യക്കാര്‍. റിലയന്‍സിന്റെ മുകേഷ് അംബാനിയും സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലും. 29 ബില്ല്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള മുകേഷ് നാലാമതും 28.7 ബില്ല്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള മിത്തല്‍ അഞ്ചാമതുമാണ്. ഫോര്‍ബ്‌സ് മാസികയാണ് ഈ കണക്കെടുപ്പ് പ്രസിദ്ധീകരിച്ചത്.

ബില്‍ ഗേറ്റ്‌സിനെ മറികടന്ന മെക്‌സിക്കോയിലെ ടെലികോം രംഗത്തെ ഭീമന്‍ കാര്‍ലോസ് സ്‌ലിം ഹെലുവാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ സമ്പന്നന്‍. 53.5 ബില്ല്യണ്‍ ഡോളറാണ് സ്‌ലിമിന്റെ പ്രഖ്യാപിത സമ്പാദ്യം. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനേക്കാള്‍ 500 മില്ല്യണ്‍ ഡോളര്‍ അധികമാണ് സ്‌ലിമിന്റെ സമ്പാദ്യം. 47 ബില്ല്യണ്‍ ഡോളര്‍ സമ്പാദിച്ച വാറണ്‍ ബഫറ്റാണ് നാലാം സ്ഥാനക്കാരന്‍.

വാള്‍മാര്‍ട്ടിന്റെ ക്രിസ്റ്റി വാള്‍ട്ടണാണ് ഏറ്റവും വലിയ ധനാഢ്യ. 22.5 ബില്ല്യണ്‍ ഡോളര്‍ സമ്പാദ്യത്തിന്റെ ഉടമയായ ഇവര്‍ മൊത്തം ലിസ്റ്റില്‍ പന്ത്രണ്ടാം സ്ഥാനക്കാരിയാണ്.

പത്ത് ധനാഢ്യരുടെ മൊത്തം സമ്പാദ്യം 342 ബില്ല്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 88 ബില്ല്യണ്‍ ഡോളര്‍ കൂടുതലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബില്ല്യണര്‍മാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഈ വര്‍ഷമുണ്ടായത്. 89 വനിതകള്‍ അടക്കം 1,001 ബില്ല്യണര്‍മാരാണ് ഇക്കുറി ലിസ്റ്റില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 793 പേര്‍ മാത്രമായിരുന്നു. എന്നാല്‍ ബില്ല്യണര്‍മാരുടെ എണ്ണത്തില്‍ റെക്കോഡിട്ടത് 2008ലാണ്. 1,125 പേരാണ് ആ വര്‍ഷം ലിസ്റ്റില്‍ കയറിപ്പറ്റിയത്.

ഇത്തവണയും അമേരിക്കയില്‍ നിന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ ധനാഢ്യര്‍ ലിസ്റ്റില്‍ ഇടം കണ്ടെത്തിയത്-403 പേര്‍. ഇതില്‍ തന്നെ ന്യൂയോര്‍ക്കില്‍ നിന്നു മാത്രം 60 പേരുണ്ട്. 64 ബില്ല്യണര്‍മാരുമായി ചൈന രണ്ടാം സ്ഥാനത്തും 62 ബില്ല്യണര്‍മാരുമായി റഷ്യ മൂന്നാം സ്ഥാനത്തുമെത്തി. ഫിന്‍ലന്‍ഡ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ആദ്യമായി ബില്ല്യണര്‍മാര്‍ ലിസ്റ്റില്‍ ഇടം കണ്ടെത്തി. പുതിയ 93 ബില്ല്യണര്‍മാരില്‍ 62 പേര്‍ ഏഷ്യയില്‍ നിന്നുള്ളവരാണെന്നതും ഇത്തവണത്തെ സവിശേഷതയായി

No comments:

Post a Comment