Sunday, March 14, 2010

മുംബൈ വിറച്ചു ജയിച്ചു

മുംബൈ വിറച്ചു ജയിച്ചു

യൂസഫ് പഠാന്‍ 37 പന്തില്‍ 100

മുംബൈ: പടക്കം പൊട്ടുന്നതുപോലുള്ള യൂസഫ് പഠാന്റെ (100) അടികള്‍ക്കും രാജസ്ഥാന്‍ റോയല്‍സിനെ ജയിപ്പിക്കാനായില്ല. മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവുമുയര്‍ന്ന ടോട്ടലിനെ പഠാന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ പിന്തുടര്‍ന്ന റോയല്‍സ് നാലുറണ്‍സകലെവെച്ച് പോരാട്ടം അവസാനിപ്പിച്ചു. 37 പന്തില്‍, ഒമ്പതു ബൗണ്ടറികളും എട്ട് സിക്‌സറുകളുമായി ഐ.പി.എല്ലിലെ ഏറ്റവും വേഗമാര്‍ന്ന സെഞ്ച്വറിയുമായി പവലിയനില്‍ തിരിച്ചെത്തിയ പഠാന് ശേഷിച്ച റണ്‍സെടുക്കാനാകാതെ തന്റെ ടീം പരാജയപ്പെടുന്നത് കണ്ടുനില്‍ക്കേണ്ടിവന്നു. പഠാനാണ് കളിയിലെ താരം. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് ആറിന് 212. രാജസ്ഥാന്‍ റോയല്‍സ് ഏഴിന് 208.

മുംബൈയുടെ കൂറ്റന്‍ ടോട്ടല്‍ പിന്തുടരാന്‍ യാതൊരു സാധ്യതയുമില്ലാതെ ഉഴലുന്ന രാജസ്ഥാന്‍ റോയല്‍സിനെ പെട്ടെന്നാണ് ഭൂതാവേശം കൊണ്ടതുപോലെ പഠാന്‍ തലയിലേറ്റിയത്. ഏഴാം ഓവറിന്റെ നാലാം പന്തില്‍, ഗ്രേയം സ്മിത്തിന് (26) പകരം ക്രീസിലെത്തിയ പഠാന്‍ ഒമ്പതാം ഓവറിന്റെ ആദ്യ പന്തില്‍ മക്‌ലാറനെ സ്‌ട്രെയ്റ്റ് സിക്‌സിന് പറത്തിയാണ് തുടങ്ങിയത്. രണ്ടോവര്‍ ക്ഷമിച്ചുനിന്ന പഠാന്‍ പിന്നീട് മുര്‍ത്താസ അലി എറിഞ്ഞ പതിനൊന്നാം ഓവറില്‍ അടി തുടങ്ങി. ഓവറിന്റെ അവസാന മൂന്ന് പന്തുകളും സിക്‌സറിന് പറത്തിയ പഠാന്‍, അടുത്ത ഓവറിന്റെ രണ്ടാം പന്തും സിക്‌സറിലേക്ക് നയിച്ചു. തുടരെ രണ്ട് ബൗണ്ടറികള്‍, വീണ്ടും സിക്‌സര്‍. പഠാന്‍ 21 പന്തുകളില്‍ 50 റണ്‍സ് പിന്നിട്ടു. ആര്‍ സതീഷിന്റെ ഓവറിന്റെ അവസാന പന്ത് ബൗണ്ടറിയിലേക്ക് നയിച്ച പഠാന്‍, അടുത്ത ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടി.

ജയസൂര്യയെറിഞ്ഞ പതിനേഴാം ഓവറില്‍, രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയും നേടിയ പഠാന്‍, സിക്‌സറിലൂടെയാണ് തന്റെ അതിവേഗ സെഞ്ച്വറി നേടിയതും. എന്നാല്‍, സതീഷിന്റെ അടുത്ത ഓവറില്‍ ആദ്യ പന്തില്‍ പഠാന്‍ പുറത്തായി. ബൗളര്‍ക്കുനേരെ ദോഗ്രയടിച്ച് പന്ത് പിടിച്ചെടുത്ത സതീഷ് അതി നേരെ നോണ്‍ സ്‌ട്രൈക്കര്‍ സ്റ്റമ്പിലേക്കെറിഞ്ഞു. ക്രീസ് വിട്ടിറങ്ങിയ പഠാന്‍ തിരിച്ചുകയറുന്നതിനുമുന്നെ ബെയ്ല്‍സ് ഇളകി. 7.5 ഓവറില്‍ 107 റണ്‍സാണ് പഠാന്‍-ദോഗ്ര കൂട്ടുകെട്ട് റോയല്‍സിന് നേടിക്കൊടുത്തത്. ഇതില്‍ 86 റണ്‍സും പഠാന്റെ വകയായിരുന്നു.

പഠാന്‍ പുറത്തായതിന്റെ നിരാശയില്‍ ആഞ്ഞടിച്ച ദോഗ്ര സതീഷിന്റെ ശേഷിച്ച അഞ്ച് പന്തുകളില്‍നിന്ന് 21 റണ്‍സ് കൂടി നേടിയതോടെ, അവസാന രണ്ട് ഓവറുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ലക്ഷ്യം 19 റണ്‍സായി. സഹീര്‍ ഖാന്‍ എറിഞ്ഞ 19-ാം ഓവറില്‍ ലഭിച്ചത് ഏഴ് റണ്‍സ്. അവസാന ഓവറില്‍, ജയിക്കാന്‍ വേണ്ടത് 12 റണ്‍സ്. വിജയത്തിലേക്ക് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവന്ന പരസ് ദോഗ്ര ആദ്യ പന്തില്‍ റണ്ണൗട്ടായി. തൊട്ടടുത്ത പന്തില്‍ ഉന്യാലിനെ ക്ലീന്‍ ബൗള്‍ഡാക്കി ലസിത് മലിംഗ രാജസ്ഥാന് അടുത്ത പ്രഹരവുമേല്‍പ്പിച്ചു. ക്യാപ്റ്റന്‍ വോണും ദിമിത്രി മസ്‌കെരാനസും ചേര്‍ന്ന കൂട്ടുകെട്ടിന് അത്ഭുതങ്ങളൊന്നും കാട്ടാനായില്ല.

മുംബൈയുടെ തുടക്കം അതിവേഗമായിരുന്നു. ജയസൂര്യ-സച്ചിന്‍ സഖ്യത്തിന്റെ കുതിപ്പില്‍ വേഗം താളം കണ്ടെത്തിയ മുംബൈ തുടക്കത്തിലേ വലിയ സ്‌കോര്‍ ലക്ഷ്യമിട്ടിരുന്നു. ജയസൂര്യ (23), സച്ചിന്‍ (17), ആദിത്യ താരെ (23) എന്നീ മുന്‍നിരക്കാര്‍ക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും ഐ.സി.എല്ലില്‍നിന്ന് തിരിച്ചെത്തിയ അംബാട്ടി റായിഡു (55)വിന്റെയും സൗരഭ് തിവാരിയുടെയും (53) സെഞ്ച്വറി കൂട്ടുകെട്ട് മുംബൈയ്ക്ക് അവരുടെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ സമ്മാനിക്കുകയായിരുന്നു. 33 പന്തില്‍ ആറ് ബൗണ്ടറികളും രണ്ട് സിക്‌സറുമടങ്ങുന്നതാണ് റായിഡുവിന്റെ ഇന്നിങ്‌സ്.

സ്‌കോര്‍ബോര്‍ഡ്

മുംബൈ ഇന്ത്യന്‍സ്

ജയസൂര്യ എല്‍ബിഡബ്ല്യു ബി ഉന്യാല്‍ 23, സച്ചിന്‍ എല്‍ബിഡബ്ല്യു ബി മസ്‌കെരാനസ് 17, താരെ സി വോണ്‍ ബി മസ്‌കെരാനസ് 23, സൗരഭ് തിവാരി സി ഓജ ബി ടെയ്റ്റ് 53, അംബാട്ടി റായിഡു സി ദോഗ്ര ബി ഉന്യാല്‍ 55, സതീഷ് റണ്ണൗട്ട് 6, ഹര്‍ഭജന്‍ സിങ് റിട്ട ഹര്‍ട്ട് 8, മക്‌ലാറന്‍ നോട്ടൗട്ട് 11, സഹീര്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 16, ആകെ 20 ഓവറില്‍ ആറിന് 212. വിക്കറ്റ് വീഴ്ച: 1-38, 2-69, 3-70, 4-180, 5-191, 6-211* (ഹര്‍ഭജന്‍ റിട്ട.ഹര്‍ട്ട്). ബൗളിങ്: മസ്‌കെരാനസ് 4-0-34-2, ടെയ്റ്റ് 4-0-46-1, കനമ്രാന്‍ ഖാന്‍ 1-0-10-0, ഉന്യാല്‍ 4-0-41-2, വോണ്‍ 3-0-29-0, ജുന്‍ജുന്‍വാല 2-0-27-0, യൂസഫ് പഠാന്‍ 2-0-22-0.

രാജസ്ഥാന്‍ റോയല്‍സ്

ഗ്രേയം സ്മിത്ത് സി ആന്‍ഡ് ബി സതീഷ് 26, സ്വപ്നില്‍ അസ്‌നോദ്കര്‍ റണ്ണൗട്ട് 0, നമന്‍ ഓജ സി സഹീര്‍ ബി മുര്‍ത്താസ 12, ജുന്‍ജുന്‍വാല ബി മലിംഗ 14, യൂസഫ് പഠാന്‍ റണ്ണൗട്ട് 100, ദോഗ്ര റണ്ണൗട്ട് 41, മസ്‌കെരാനസ് നോട്ടൗട്ട് 9, ഉന്യാല്‍ ബി മലിംഗ 0, വോണ്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ ഏഴിന് 208. വിക്കറ്റ് വീഴ്ച: 1-0, 2-38, 3-40, 4-66, 5-173, 6-210, 7-201. ബൗളിങ്: സഹീര്‍ 4-0-27-0, മക്‌ലാറന്‍ 4-0-43-0, മലിംഗ 4-0-22-2, അലി മുര്‍ത്താസ 4-0-46-1, ആര്‍.സതീഷ് 3-0-51-0, ജയസൂര്യ 1-0-19-0
news from mathrubhumi.web

No comments:

Post a Comment