Sunday, March 14, 2010

തലവേദനയെ അവഗണിക്കരുത്‌


ജീവിതത്തിലൊരിക്കലെങ്കിലും തലവേദന അനുഭവിക്കാത്ത ഒരാളെത്തേടിപ്പോയാല്‍ അതൊരു തീരാത്തലവേദനയാകാനാണ് സാധ്യത. കാരണം തലയുള്ളവര്‍ക്കെല്ലാമുള്ളൊരു അസുഖം എന്ന് പറയാവുന്നത്ര സാര്‍വജനീനവും അതിപുരാതനവുമാണ് ഈ തലവേദനയെന്നതുതന്നെ. പലപ്പോഴും രോഗമെന്നതിനെക്കാളുപരി ശല്യക്കാരനായ ഒരസ്വസ്ഥതയാണ് തലവേദന. ശാരീരിക, മാനസികാവസ്ഥകളുടെ സൂചകവും രോഗലക്ഷണവുമൊക്കെയായാണ് വൈദ്യശാസ്ത്രം തലവേദനയെക്കാണുന്നത്.

തലവേദന ഒരുവ്യാപകമായ പ്രശ്‌നമാണെങ്കിലും അതുകൊണ്ട് ദുരിതമനുഭവിക്കുന്നവരില്‍ 20 ശതമാനം മാത്രമേ ചികിത്സ തേടാറുള്ളൂ എന്നതാണ് വാസ്തവം. ഭൂരിപക്ഷവും ദുരിതം സഹിച്ചും സ്വയം ചികിത്സിച്ചും കഴിയുന്നവരാണ്. തലവേദനകളില്‍ 95 ശതമാനവും കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാത്തവയാണെങ്കിലും തുടക്കത്തിലേ അതിന്റെ കാരണം കണ്ടെത്തി ഒഴിവാക്കിയാല്‍ അതൊരു ദുരിതമായി മാറില്ല. വെറും ടെന്‍ഷന്‍ മുതല്‍ ഗുരുതരമായ ബ്രെയിന്‍ ട്യൂമറും നാഡീ തകരാറുകളും വരെ നിരവധി കാരണങ്ങള്‍ തലവേദനയ്ക്കു പിന്നിലുണ്ടാകാം എന്നതുകൊണ്ടുതന്നെ തലവേദനയെ അവഗണിക്കരുത്.

തലവേദന 150 തരം
ഇന്റര്‍നാഷണല്‍ ഹെഡ്എയ്ക് സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം തലവേദനകള്‍ 150-ഓളമുണ്ട്. ടെന്‍ഷന്‍ തലവേദന, മൈഗ്രേന്‍, ക്ലസ്റ്റര്‍ തലവേദന, അപകടങ്ങള്‍, മദ്യപാനം, അണുബാധകള്‍, വിവിധ രോഗങ്ങള്‍ തുടങ്ങിയവ മൂലമുള്ള തലവേദനകള്‍ എന്നിവയാണ് ഇവയില്‍ പ്രധാനം. ടെന്‍ഷന്‍ തലവേദനയാണ് ഇതില്‍ ഏറ്റവും വ്യാപകം. പുരുഷന്മാരില്‍ മൂന്നില്‍ രണ്ടുപേരും സ്ത്രീകളില്‍ നാലില്‍ മൂന്നുപേരും ടെന്‍ഷന്‍ തലവേദന അനുഭവിക്കുന്നവരാണ്. ടെന്‍ഷനുണ്ടാകുമ്പോള്‍ മുഖം, നെറ്റി, കഴുത്ത് എന്നിവിടങ്ങളിലെ പേശികള്‍ മുറുകുന്നതാണ് ഇത്തരം തലവേദനയ്ക്കു കാരണമെന്നാണ് കരുതപ്പെടുന്നത്. ടെന്‍ഷന്‍തലവേദന കൂടെക്കൂടെയുണ്ടാകുന്നവര്‍സാഹചര്യങ്ങള്‍ തിരിച്ചറിയാനും അവ ഒഴിവാക്കാനും ശ്രമിക്കേണ്ടതുണ്ട്.

ശല്യക്കാരന്‍ മൈഗ്രേന്‍
തലവേദനകളില്‍ ഏറ്റവും ശല്യക്കാരന്‍ മൈഗ്രേനാണ്. മൈഗ്രേന്‍ കൂടുതലും സ്ത്രീകളിലാണ്. തലയിലും നെറ്റിയിലും വിങ്ങലും വേദനയും, കാഴ്ച മങ്ങുക, ഓക്കാനം, ഛര്‍ദി തുടങ്ങിയവയൊക്കെ മൈഗ്രേന്‍ ലക്ഷണങ്ങളാണ്. മൈഗ്രേന്‍ തുടങ്ങുന്നതിനു വളരെ മുമ്പേ തന്നെ ചില ലക്ഷണങ്ങളിലൂടെ മൈഗ്രേന്‍ തിരിച്ചറിയാനാവും. ഈ പ്രാഥമിക അസ്വസ്ഥതകളെ ഓറ എന്നാണ് വിളിക്കുന്നത്. ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മൈഗ്രേനു ചികിത്സ നിശ്ചയിക്കുക.

അതേസമയം ക്ലസ്റ്റര്‍ തലവേദന പുരുഷന്മാരിലാണ് കൂടുതല്‍. വളരെപ്പെട്ടെന്ന് തുളച്ചുകയറുന്നതുപോലെ വരുന്ന വേദനയാണിത്. പ്രത്യേകിച്ച് രാത്രിയില്‍. മുഖത്തിന്റെ ഒരു ഭാഗത്തായിരിക്കും വേദന. കണ്‍പോളകള്‍ പിടയുക, കണ്ണില്‍ വെള്ളം നിറയുക, മൂക്കടയുക തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടാം. 15 മിനിറ്റ് മുതല്‍ മൂന്നുമണിക്കൂര്‍ വരെ നീളാവുന്ന ക്ലസ്റ്റര്‍ തലവേദന പിന്നീട് താനേ മാറും. ശരീരത്തിലെ ജൈവ രാസപ്രവര്‍ത്തനങ്ങളിലെ അപാകങ്ങളാണ് ഇത്തരം തലവേദനയ്ക്കു കാരണമാകുന്നതെന്നാണ് കരുതപ്പെടുന്നത്. ക്ലസ്റ്റര്‍ തലവേദനയ്ക്ക് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

തലവേദനയ്ക്കു പിന്നില്‍ രോഗങ്ങളും
ബി.പി, സ്‌ട്രോക്ക്, ശ്വാസകോശരോഗങ്ങള്‍, തലയ്ക്കുള്ളിലെ രക്തസ്രാവം, കാഴ്ച പ്രശ്‌നങ്ങള്‍, സൈനസൈറ്റിസ്, അലര്‍ജി, ഇസിനോഫീലിയ തുടങ്ങിയ രോഗങ്ങളും കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളും തലവേദനയുണ്ടാക്കാം. ഇഷ്ടമില്ലാത്ത ശബ്ദം, ഗന്ധം, വെളിച്ചം, വിശപ്പ്, ദാഹം, ചില പ്രത്യേകയിനം ഭക്ഷണങ്ങള്‍ തുടങ്ങിയവയും തലവേദനയുണ്ടാക്കാം. അമിതമായ കമ്പ്യൂട്ടര്‍ ഉപയോഗം, തെറ്റായ രീതിയിലിരുന്ന് ടി.വി.യിലും മോണിട്ടറിലും നോക്കുന്നത്, ലൈംഗിക പ്രശ്‌നങ്ങള്‍, ആര്‍ത്തവം തുടങ്ങിയവയും തലവേദനയുണ്ടാക്കുന്ന സാഹചര്യങ്ങളാണ്.

ചികിത്സിക്കാന്‍ മടിക്കരുത്
തലവേദന ഏതായാലും ഉപേക്ഷ വിചാരിക്കരുത്. അതിന്റെ സ്വഭാവവും കാഠിന്യവും നിരീക്ഷിച്ച് വിദഗ്ധ പരിശോധന നടത്തി കൃത്യമായി രോഗനിര്‍ണയം നടത്തണം. എപ്പോഴൊക്കെ, എത്രസമയം, ഏതൊക്കെ ഭാഗങ്ങളില്‍ തലവേദന അനുഭവപ്പെടുന്നു തുടങ്ങിയവയെല്ലാമടങ്ങിയ തലവേദനചരിത്രം അല്ലെങ്കില്‍ ഡയറി സൂക്ഷിക്കുന്നത് ചികിത്സയില്‍ ഏറെ സഹായകരമാവും. ടെന്‍ഷന്‍, സ്‌ട്രെസ്സ് തുടങ്ങിയവ ഒഴിവാക്കുക, തലവേദനയിലേക്ക് നയിക്കുന്ന മറ്റ് അസുഖങ്ങള്‍ ചികിത്സിച്ചുമാറ്റുക തുടങ്ങിയവ ചെയ്താല്‍ തലവേദന ഒരുപരിധിവരെ കുറയ്ക്കാനാവും.

ചിലരുടെ തലവേദനയ്ക്കു പിന്നില്‍ മാനസിക കാരണമാകാം. മറ്റുചിലരില്‍ തലവേദന എന്ന തോന്നലേ ഉണ്ടാകൂ. ഇവ ഡോക്ടര്‍മാര്‍ക്ക് തലവേദനയാകാറുണ്ട്. കണ്ടെത്താനും ഭേദമാക്കാനും വിഷമമാണ് എന്നതാണ് കാരണം. സാധാരണ തലവേദന ഉണ്ടാകാത്ത ഒരാള്‍ക്ക് പൊടുന്നനെ തലവേദനയുണ്ടാവുക, അസഹ്യമായ തലവേദന, തലവേദന കൂടിക്കൂടി വരിക, പ്രത്യേക ലക്ഷണങ്ങളോടുകൂടിയ തലവേദന തുടങ്ങിയ സാഹചര്യങ്ങളില്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം.

വേദനസംഹാരികള്‍ പതിവാക്കരുത്
തലവേദനയ്ക്കു സ്വയംചികിത്സചെയ്യുന്നവരാണ് അധികവും. ഇതു നന്നല്ല. പതിവായി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുകയും കൂടെക്കൊണ്ടുനടക്കുകയുമാണ് ഇവര്‍ ചെയ്യുക. തലവേദനയുടെ യഥാര്‍ഥ കാരണം മറച്ചുവെക്കാനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനും ഈ വേദനസംഹാരി തീറ്റ ഇടയാക്കും. ആസ്​പിരിനും ഐബുപ്രൂഫനും പോലുള്ള സാധാരണ വേദനസംഹാരികള്‍ പോലും ആമാശയ രക്തസ്രാവം, വൃക്കത്തകരാറുകള്‍ പോലുള്ള ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കാം; പ്രത്യേകിച്ച് മറ്റു രോഗങ്ങളുള്ളവരില്‍. തലവേദനയ്ക്കു സ്ഥിരമായി ലേപനൗഷധങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതല്ല. സംവേദന നാഡികളില്‍ മരവിപ്പുണ്ടാക്കി തത്കാലാശ്വാസം നല്‍കുന്ന ഇവ അലര്‍ജിക്കിടയാക്കാം.

തലവേദന പതിവായി ഉണ്ടാകുന്നവര്‍ യഥാസമയം ചികിത്സയെടുക്കുന്നത് ഭാവിയിലെ അപകടങ്ങള്‍ ഒഴിവാക്കും. മഞ്ഞ്, മഴ, വെയില്‍, പുക എന്നിവ കൊള്ളുന്നതും അസമയത്ത് കുളിക്കുന്നതും ഉറക്കമിളയ്ക്കുന്നതും തലവേദനക്കാര്‍ ഒഴിവാക്കണം. ചെറുനാരങ്ങ നീരില്‍ ചന്ദനവും കര്‍പ്പൂരവും ചാലിച്ച് നെറ്റിയിലിടുന്നത് തലവേദനയ്ക്ക് ആശ്വാസമേകും. ചുക്ക്, കുരുമുളക്, മഞ്ഞള്‍ എന്നിവ തുല്യ അളവിലെടുത്ത് പൊടിച്ച് തുണിയില്‍ വെച്ച് തിരിയാക്കി നെയ്യില്‍ മുക്കി കത്തിച്ച് പുക ശ്വസിക്കുന്നത് സൈനസൈറ്റിസ് തലവേദയ്ക്കു ഫലപ്രദമാണ്. മുലപ്പാല്‍കൊണ്ട് നസ്യം ചെയ്യുന്നതും തലവേദനയ്ക്കു നല്ലതാണ്. നെല്ലിക്കയുടെ തൊലി പശുവിന്‍പാലിലരച്ച് നെറ്റിയിലിടുന്നതും ആശ്വാസം നല്‍കും.

1 comment:

  1. thanks for sharing your views on headache. i also suffer from this big time. i am a migraine patient..

    ReplyDelete