Wednesday, March 10, 2010

ഫെയ്‌സ്ബുക്ക് 100 കോടി ഡോളര്‍ വരുമാനത്തിലേക്ക്‌

ലോകത്തെ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മാ സൈറ്റായ ഫെയ്‌സ്ബുക്കി (Facebook) ന്റെ വരുമാനം ഈ വര്‍ഷം നൂറുകോടി ഡോളര്‍ കവിയുമെന്ന് റിപ്പോര്‍ട്ട്. 2009-ല്‍ 70 കോടി ഡോളര്‍ വരുമാനമുണ്ടാക്കിയ ഫെയ്‌സ്ബുക്ക് ഇത്തവണ നൂറുകോടി കടക്കുമെന്ന്, ആ സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെ നിരീക്ഷിക്കുന്ന ഒരു ബ്ലോഗാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ആറുവര്‍ഷം മുമ്പ് ആരംഭിച്ച ഫെയ്‌സ്ബുക്ക് , ഇന്ന് ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ വെബ്ബ്‌സൈറ്റാണ്. 40 കോടി പേരാണ് ദിവസവും ഫെയ്‌സ്ബുക്ക് സന്ദര്‍ശിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും ഫെയ്‌സ്ബുക്കിന്റെ വരുമാനം ഇരട്ടിക്കുന്ന പ്രവണതയാണ് കാണുന്നതെന്ന്, 'ഇന്‍സൈഡ് ഫെയ്‌സ്ബുക്ക്' എന്ന ബ്ലോഗ് പറയുന്നു. 2007-ല്‍ 15 കോടി ഡോളറായിരുന്ന വരുമാനം, 2008-ല്‍ 30 കോടിയായി, 2009-ല്‍ 70 കോടിയും.

വന്‍തോതിലുള്ള യൂസര്‍നിര്‍മിത ഡേറ്റയുടെ സഹായത്തോടെ, കൃത്യലക്ഷ്യത്തില്‍ പ്രതിക്ഷിക്കുന്ന പരസ്യങ്ങള്‍ വെബ്ബില്‍നിന്ന് എങ്ങനെ വരുമാനമുണ്ടാക്കിത്തരും എന്നതിന് തെളിവാണ് ഫെയ്‌സ്ബുക്കിന്റെ വരുമാന വര്‍ധന. മാത്രമല്ല, സൗഹൃദക്കൂട്ടായ്മാ സൈറ്റുകളില്‍ ഉപയോഗിക്കുന്ന വെര്‍ച്വല്‍ സാധനങ്ങളുടെയും വെര്‍ച്വല്‍ കറന്‍സിയുടെയും വിപണിസാധ്യത ഇനിയും വേണ്ടവിധം മനസിലാക്കിയിട്ടില്ലെന്നും ബ്ലോഗ് റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം വെര്‍ച്വല്‍ സര്‍വീസുകള്‍ 2009-ല്‍ മാത്രം ാെരുകോടി ഡോളര്‍ വരുമാനമുണ്ടാക്കി.

കഴിഞ്ഞ വര്‍ഷം, ഫെയ്‌സ്ബുക്കിന് ബ്രാന്‍ഡ് പരസ്യങ്ങള്‍ വഴി 22.5 കോടി ഡോളര്‍ വരുമാനം ലഭിച്ചപ്പോള്‍, പെര്‍ഫോമന്‍സ് പരസ്യങ്ങള്‍ വഴി 35 കോടി ഡോളര്‍ ലഭിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. മൈക്രോസോഫ്ട് വഴി മാത്രം ലഭിച്ചത് അഞ്ചുകോടി ഡോളറാണ്. വരുമാനം സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് ഫെയ്‌സ്ബുക്ക് പ്രതികരിച്ചിട്ടില്ല.ജിടോക്കിലെ പുതിയ കെണി


ഗൂഗിള്‍ ടോക്കു വഴി സുന്ദരിമാരുടെതെന്നോ മറ്റോ പരിചയപ്പെടുത്തി സുഹൃത്തുക്കള്‍ അയക്കുന്ന ഫോട്ടോയുടെ ലിങ്കു കിട്ടിയാല്‍ കണ്ണും ചിമ്മി കയറി ക്ലിക്കു ചെയ്യുന്നതിനു മുമ്പ് പത്തുവട്ടമെങ്കിലും ആലോചിക്കണം. കാരണം യാഹൂ മെസഞ്ചറിന്റെ ഉറ്റ 'സൃഹൃത്തായ' ചില തരം വെറസുകളും/മാല്‍വെയറുകളും ഗൂഗിളിന്റെ ചാറ്റ് സര്‍വീസ് ആയ ജി ടോക്കിനെയും ആക്രമിച്ചിരിക്കുന്നു.

അധികനാളായില്ല ജിടോക്കന് ഈ പുത്തന്‍ വൈറസ് ബാധ തുടങ്ങിയിട്ട്. തുടക്കത്തില്‍ ഒരു ഇമേജ് ഫയലിന്റെ ലിങ്കോ മറ്റോ നമ്മുടെ ഏതെങ്കിലും സുഹൃത്തിന്റെ അഡ്രസ്സില്‍ നിന്നു നമ്മുടെ ചാറ്റ് ബോക്‌സിലെത്തും, അദ്ദേഹം നമുക്കയച്ച സന്ദേശമാണെന്നു കയറി നമ്മളതില്‍ കൊത്തും. അതോടെ നമ്മുടെ കമ്പ്യൂട്ടറിലെത്തുന്ന വൈറസ് ഓണ്‍ലൈന്‍ ആയ എല്ലാ സുഹൃത്തുക്കള്‍ക്കും അതേ മെസേജുകള്‍ തന്നെ അയച്ചുകൊണ്ടിരിക്കും - നമ്മളറിയാതെ തന്നെ. ഇത്തരത്തില്‍ ഒരുപാട് വൈറസുകള്‍ പുറത്തുവന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സത്യത്തില്‍ നമ്മുടെ ചാറ്റ് വിന്‍ഡോയില്‍ ഇമേജ് ഫയലെന്ന വ്യാജേന വരുന്നത് മാല്‍വെയര്‍ (ഒരു തരം വൈറസ്) അടങ്ങിയ ഇഎക്‌സ്ഇ ഫയലോ മറ്റോ ഉള്ള ഒരു സിപ്പ് ഫയല്‍ ആയിരിക്കും. വൈറസ് നമ്മുടെ കമ്പ്യൂട്ടറിനെ ബാധിക്കുന്നതോടെ പിന്നാലെ മെസേജുകളുടെ ബഹളമായിരിക്കും, 'നിന്റെ ഫ്രണ്ടിന്റെ പുതിയ മൈസ്‌പേസിലെ ഫോട്ടോ നോക്കൂ', 'ഹുേേേേറ', 'ആര്‍ യു ദേര്‍' ;....തുടങ്ങി കൂട്ടുകാര്‍ ചാറ്റ് ചെയ്യുന്ന അതേരീതിയിലാവും തുടര്‍ന്നുള്ള മെസേജുകള്‍..

ചില വൈറസുകള്‍ എക്‌സപ്ലോററില്‍ വിന്‍ഡോകള്‍ തുരുതുരാ തുറന്നിട്ട് കമ്പ്യൂട്ടര്‍ 'ഹാങ്' ആക്കും. ചില വൈറസുകള്‍ ബാധിക്കുന്നതോടെ 'ജെനറിക് ഹോസ്റ്റ് പ്രൊസസ്സ്' ..എറര്‍'' എന്നൊക്കെ കമ്പ്യൂട്ടര്‍ ചീത്തവിളിച്ചുകൊണ്ടേയിരിക്കും. മറ്റു ചിലത് ജിമെയിലില്‍ ചാറ്റ് ഉപയോഗിക്കുന്നവര്‍ക്ക് മെയില്‍ വഴിയും മെസേജുകള്‍ അയക്കുന്നുണ്ടത്രേ. വെബ്‌പേജുകള്‍ തുറന്ന് ആകര്‍ഷകമായ ഓഫറുകള്‍ കാണിച്ച് വലയില്‍ വീഴ്ത്തി ജിമെയില്‍ ഐഡിയും പാസ്വേഡും കൈക്കലാക്കി സുഹൃത്തുക്കളുടെ ഇ മെയില്‍ അഡ്രസ്സുകള്‍ തട്ടിയെടുക്കുന്നവരാണ് ഇവരില്‍ വിരുതന്മാര്‍.

പുതിയ വര്‍ഗ്ഗത്തില്‍ പെട്ടതായതുകൊണ്ടുതന്നെ മിക്ക ആന്റി വൈറസുകള്‍ക്കും ഇവറ്റകളെ പിടിക്കാന്‍ കഴിയുന്നില്ല എന്നതും തുടക്കത്തില്‍ തന്നെ വൈറസാണെന്ന സംശയം തോന്നുന്നില്ല എന്നതുമാണ് ഇത്രവേഗം പടരാന്‍ സഹായിച്ചത്. ഒന്നുറപ്പാണ് - യാഹൂ മെസഞ്ചറിലൂടെ കുപ്രസിദ്ധമായ വൈറസുകളുടേയും ഡേറ്റിംഗ് സൈറ്റുകളുടേയും ഓട്ടോമാറ്റിക്ക് ചാറ്റിംഗ് മെക്കാനിസമാണ് ഇത്തരം വൈറസുകളുടെ നിര്‍മ്മാണത്തിലും ഉപയോഗിച്ചിരിക്കുന്നത്. അതായത് നമ്മളെ വിഢികളാക്കി കൃത്യമായ ഇടവേളകളില്‍ മെസേജ് അയച്ചു കൊണ്ടിരിക്കുന്ന രീതി. വൈറസുകളുടെയും തട്ടിപ്പുകാരുടേയും കൈയില്‍ നിന്നും രക്ഷനേടിയെന്നു കരുതിയിരുന്ന ജി ടാക്കിന്റെ പുതിയ പ്രതിസന്ധി ഗൂഗിള്‍ എങ്ങിനെ പരിഹരിക്കുമെന്ന് കാത്തിരുന്നു കാണാം.

പാസ്‌വേഡുകളുടെ രഹസ്യങ്ങളിലേക്ക്‌ആരോടും പറയാതെ നമ്മളോരോരുത്തരും കാത്തുസൂക്ഷിക്കുന്ന പരമരഹസ്യമെന്താകും? പാസ്‌വേഡുകള്‍ എന്നതുതന്നെ ഉത്തരം. ലോകം ഇ-ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്ന പുതുകാലത്ത് ഓരോ വ്യക്തിയുടെയും മനസ്സില്‍ ഇ-മെയില്‍ ഐ.ഡി.കളുടേതുള്‍പ്പെടെ ഒന്നിലധികം പാസ്‌വേഡുകളുണ്ടാകുമെന്നുറപ്പ്. ഒരുമ്പെട്ടിറങ്ങിയ ഒരു കമ്പ്യൂട്ടര്‍ ഹാക്കര്‍ക്ക് ആ പാസ്‌വേഡ് കണ്ടെത്തി നിങ്ങളുടെ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാന്‍ നിമിഷങ്ങള്‍ മാത്രം മതി.

ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന പത്തു പാസ്‌വേഡുകള്‍ പുറത്തുവിട്ടുകൊണ്ട് ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്ഥാപനമായ ഇംപെര്‍വ ഇതുസംബന്ധിച്ച് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തെണ്ണമുള്ള പാസ്‌വേഡ് പട്ടികയിലെ ഏതെങ്കിലുമൊന്നാകും മിക്കവരും ഉപയോഗിക്കുകയെന്ന് കമ്പനി ഉറപ്പിച്ചു പറയുന്നു. 32 ദശലക്ഷം പാസ്‌വേഡുകള്‍ പരിശോധിച്ചശേഷമാണ് ഇംപെര്‍വ ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.

ഇംപെര്‍വയുടെ നിഗമനപ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പാസ്‌വേഡ് 123456 എന്ന സംഖ്യയാണ്. രണ്ടാം സ്ഥാനത്ത് 12345 എന്ന സംഖ്യയൂം. 123456789 എന്ന സംഖ്യയാണ് പാസ്‌വേഡ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരന്‍. password എന്ന ഇംഗ്ലീഷ് വാക്കു തന്നെ പാസ്‌വേഡായി ഉപയോഗിക്കുന്നവരും ധാരാളമുണ്ട്. ഈ വാക്ക് പട്ടികയിലെ നാലാം സ്ഥാനത്ത് ഇടംപിടിക്കുന്നു. iloveyou, princess, rockyou എന്നീ വാക്കുകളാണ് അഞ്ചും ആറും ഏഴും സ്ഥാനങ്ങളിലുള്ളത്. എട്ടാം സ്ഥാനത്ത് വീണ്ടും ചില അക്കങ്ങളാണ്, 1234567. ഒന്‍പതാം സ്ഥാനത്തും 12345678 എന്ന സംഖ്യ. അക്കങ്ങളുടെയും അക്ഷരങ്ങളുടെയും മിശ്രിതമായ abc123 എന്നതാണ് പാസ്‌വേഡ് പട്ടികയിലെ പത്താം സ്ഥാനക്കാരന്‍.

''ഏത് ഹാക്കര്‍ക്കും എളുപ്പത്തില്‍ ഊഹിക്കാവുന്നവയാണ് ഈ പാസ്‌വേഡുകള്‍. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇതു മാറ്റുന്നതാണ് ബുദ്ധി''- ഇംപെര്‍വ ഇന്റര്‍നെറ്റ് സെക്യൂരിറ്റി കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അമിച്ചയ് ഷുല്‍മാന്‍ മുന്നറിയിപ്പു നല്‍കുന്നു. അക്കങ്ങളുടെയും അക്ഷരങ്ങളുടെയും മിശ്രിതമാണ് സുരക്ഷിതമായ പാസ്‌വേഡെന്ന് അദ്ദേഹം പറയുന്നു. അതില്‍ കാപ്പിറ്റല്‍ അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കാം. എട്ടക്ഷരങ്ങളില്‍ കൂടുതലുള്ളവയാണ് ചെറിയ പാസ്‌വേഡുകളേക്കാള്‍ നല്ലതെന്നും ഷുല്‍മാന്‍ അഭിപ്രായപ്പെടുന്നുണ്ട്.

പാസ്‌വേഡുകളെക്കുറിച്ച് ഇത്ര ആധികാരികമായി പറയാന്‍ ഇംപെര്‍വയ്ക്ക് എവിടെനിന്നു വിവരം കിട്ടിയെന്നറിയുമ്പോഴേ ഹാക്കിങ്ങിന്റെ ഭീകരത വ്യക്തമാകൂ. അമേരിക്കയിലെ ജനപ്രിയ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റായ 'റോക്ക്‌യു'വില്‍ ഈയിടെ സൈബര്‍ ആക്രമണം നടന്നിരുന്നു. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 32 ദശലക്ഷം ആളുകളുടെയും പാസ്‌വേഡുകള്‍ കണ്ടെത്തിക്കൊണ്ടാണ് ഹാക്കര്‍മാര്‍ നാശം വിതച്ചത്. അങ്ങനെ വെളിവാക്കപ്പെട്ട പാസ്‌വേഡുകള്‍ വിശകലനം ചെയ്താണ് ഇംപെര്‍വ ഏറ്റവും ഉപയോഗിക്കപ്പെടുന്ന പത്തു പാസ്‌വേഡുകളുടെ പട്ടിക പുറത്തുവിട്ടത്.

No comments:

Post a Comment