Tuesday, February 2, 2010

ലോഡ്ജ് അപകടം: മരണം മൂന്നായി; തിരച്ചില്‍ തുടരുന്നു






തിരുവനന്തപുരം: തമ്പാനൂരില്‍ ശ്രീകുമാര്‍ തിയേറ്ററിനടുത്ത് പുതുക്കിപ്പണിയുകയായിരുന്ന ഉഡുപ്പി ശ്രീനിവാസ് ടൂറിസ്റ്റ് ഹോം ഇടിഞ്ഞുവീണ് മരിച്ചവരുടെ എണ്ണം മൂന്നായി. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി ബേബി, ധനുവച്ചപുരം സ്വദേശി ജോണ്‍സണ്‍, കന്യാകുമാരി സ്വദേശി രവി എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇന്നു പുലര്‍ച്ചെയാണ് കണ്ടെടുത്തത്. അഞ്ചുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. കുറ്റകരമായ നരഹത്യക്ക് ലോഡ്ജുടമയ്ക്കും കരാറുകാരനുമെതിരെ കേസെടുത്തു. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ്‌കുമാറിനാണ് അന്വേഷണ ചുമതല.

ആറ് ദശകത്തോളം പഴക്കമുള്ള ഉഡുപ്പി ശ്രീനിവാസ്-ഉഡുപ്പി ശ്രീവാസ് ലോഡ്ജുകളില്‍, ശ്രീകുമാര്‍ തിയേറ്ററിന് ചേര്‍ന്നുള്ള ഉഡുപ്പി ശ്രീനിവാസ് ആണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ തകര്‍ന്നുവീണത്. രണ്ട് ലോഡ്ജുകളിലുമായി നാലുനിലകളില്‍ നാല്‍പ്പതിലധികം മുറികളുണ്ട്. കഴിഞ്ഞ രണ്ടുമാസമായി ശ്രീനിവാസ് ലോഡ്ജില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. താഴത്തെ നിലയിലുള്ള മുറികളുടെ ചുവരിടിച്ച് ഒറ്റ ഹാളായി മാറ്റുകയായിരുന്നു പ്രധാന ജോലി. ഇടിച്ചുമാറ്റിയ ചുവരുകള്‍ക്കുപകരം ഇരുമ്പ് ദണ്ഡുകളായിരുന്നു താങ്ങ് നല്‍കിയിരുന്നത്. മുകളിലത്തെ മൂന്നുനിലകളുടെ ഭാരം ഈ ദണ്ഡുകള്‍ക്ക് താങ്ങാനാകാതെ വന്നപ്പോള്‍, കെട്ടിടത്തിന്റെ മധ്യഭാഗം ഒന്നായി ഇടിഞ്ഞുവീഴുകയായിരുന്നു. അസ്സമില്‍ നിന്നുള്ള എട്ടുപേര്‍ ഉള്‍പ്പെടെ 16 പേര്‍ നിര്‍മാണ ജോലികള്‍ നടത്തുകയായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അസ്സം സ്വദേശി ജയറാം പറഞ്ഞു. മൂന്നരയോടെ കെട്ടിടം ഒറ്റയടിയ്ക്ക് തകര്‍ന്നടിഞ്ഞപ്പോള്‍ എട്ടുപേര്‍ക്ക് രക്ഷപ്പെടാനായി. രണ്ട് അസ്സംകാരും ആറ് മലയാളികളും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. സംഭവസ്ഥലത്ത് പാഞ്ഞെത്തിയ അഗ്നിശമന സേനക്കാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് നാലരയോടെ ഒരാളെ പുറത്തെടുത്തു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവന്‍ അഗ്നിശമനസേനാ യൂണിറ്റുകളും പട്ടാളവും തുമ്പയില്‍ നിന്നെത്തിയ സി.ഐ.എസ്.എഫ്. സംഘവും കേരള പോലീസിന്റെ ക്വിക് റെസ്‌പോണ്‍സ് ടീമും ചേര്‍ന്ന് നടത്തിയ തീവ്രയത്‌നത്തിന്റെ ഫലമായി സന്ധ്യകഴിഞ്ഞ് ഏഴരയോടെ അഞ്ചുപേരെ പരിക്കുകളോടെ പുറത്തെടുക്കാനായി. സതേണ്‍ വ്യോമകമാന്‍ഡിന്റെ മെഡിക്കല്‍ സംഘവും ഹെല്‍ത്ത് സര്‍വീസ് ആരോഗ്യ പ്രവര്‍ത്തകരും വൈദ്യസഹായം നല്‍കി. നാഗര്‍കോവില്‍ സ്വദേശി ലതീഷ് (34), അസ്സം സ്വദേശി ഗോപാല്‍ (20), ധനുവച്ചപുരം ചായ്‌ക്കോട്ടുകോണം സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍ (35), ശിശുപാലന്‍ (55), സുനില്‍കുമാര്‍ (24) എന്നിവരെയാണ് രക്ഷപ്പെടുത്താനായത്.

ഉഡുപ്പിയില്‍ നിന്ന് തിരുവനന്തപുരത്ത് താമസമുറപ്പിച്ച വെങ്കിടേഷിന്റെ പേരിലുള്ളതാണ് ശ്രീനിവാസ് ടൂറിസ്റ്റ് ഹോം. അദ്ദേഹത്തിന്റ സഹോദരിയുടേതാണ് ശ്രീവാസ് ടൂറിസ്റ്റ്‌ഹോം. ഭാഗംവയ്ക്കുന്നതിനുമുമ്പ് ഒന്നായിക്കിടന്ന ഈ കെട്ടിടം പിന്നീട് രണ്ടായി പ്രവര്‍ത്തിക്കുകയായിരുന്നു. വെങ്കിടേഷില്‍ നിന്ന് മകന്‍, കവടിയാര്‍ സ്വദേശി ഹരീഷിന് ലോഡ്ജ് ലഭിച്ചു. വില്‍ക്കുന്നതില്‍ നിയമപ്രശ്‌നങ്ങളുള്ളതിനാല്‍, നാഗര്‍കോവില്‍ സ്വദേശി രമേശിന്റെ 'ആര്യാസ്' എന്ന സ്ഥാപനത്തിന് 25 വര്‍ഷത്തേയ്ക്ക് ശ്രീനിവാസ് ലോഡ്ജ് പാട്ടത്തിന് നല്‍കി. ഒന്നാം നിലയില്‍ ഹോട്ടല്‍, രണ്ടാം നിലയില്‍ എ.സി ഡൈനിങ് ഹാള്‍, മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, ഈ മൂന്നുനിലയ്ക്ക് ചുറ്റിനും റൂമുകള്‍ എന്നിങ്ങനെ കെട്ടിടം പുതുക്കിപ്പണിയാനായിരുന്നു പദ്ധതി. എറണാകുളത്തെ 'ഐഡില്‍' ഗ്രൂപ്പിനായിരുന്നു നിര്‍മാണച്ചുമതല. ഏറ്റവും അടിയില്‍, നിലവിലെ റൂമുകളുടെ ചുമര് മാറ്റിയപ്പോള്‍ തന്നെ തങ്ങള്‍ അപാകം ചൂണ്ടിക്കാണിച്ചതായി രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ കരാറുകാര്‍ അക്കാര്യം പരിഗണിച്ചില്ല. ചെറിയ എടുപ്പുകളെ വേണ്ടവിധം പരിപാലിയ്ക്കാതെ കൂടുതല്‍ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ചേര്‍ത്തുവച്ച നിലയിലായിരുന്നുകരാറുകാരന്‍ പണി ഏറ്റെടുത്തത്. അത് അതേപടി നിലനിര്‍ത്തി, താഴത്തെ നില ഇടിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. നാല്‍പ്പത് മുറികളുള്ള കെട്ടിടത്തിലേയ്ക്ക് പ്രവേശിക്കാനുള്ള വാതില്‍ നന്നേ ഇടുങ്ങിയതായിരുന്നു. മറ്റ് മൂന്നുവശത്തും ബഹിര്‍ഗമന മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. രണ്ട് വശങ്ങളില്‍, തൊട്ടടുത്ത കെട്ടിടത്തിന്റെ ചുവരിനോട് ചേര്‍ന്ന രീതിയിലായുള്ള ചേര്‍ത്തുകെട്ടുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി.
varthlkal : mathrubhumi

No comments:

Post a Comment