Saturday, February 27, 2010



BUDGET 2010
27/02/2010 BY BINISH

ന്യൂഡല്‍ഹി: ആഗോള മാന്ദ്യത്തിന്റെ ആഘാതത്തെ വിജയകരമായി തരണം ചെയ്ത് സമ്പദ്ഘടനയ്ക്ക് ഉതകുംവിധത്തിലുള്ള സമ്മിശ്ര ബജറ്റാണ് കേന്ദ്ര ധനമന്ത്രി പ്രണബ്മുഖര്‍ജി വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

പെട്രോളിയം ഉത്പന്നങ്ങളടക്കമുള്ളവയുടെ മേല്‍ ചുമത്തുന്ന പരോക്ഷ നികുതികള്‍ വര്‍ധിപ്പിച്ച ധനമന്ത്രി ആദായനികുതിദായകര്‍ക്ക് ആശ്വാസം പകരുകയും അടിസ്ഥാന സൗകര്യ-ക്ഷേമ മേഖലകള്‍ക്കുള്ള വിഹിതം കുത്തനെ കൂട്ടുകയും ചെയ്തു. അസംസ്‌കൃത എണ്ണയ്ക്ക് അഞ്ചു ശതമാനം, പെട്രോളിനും ഡീസലിനും 7.5 ശതമാനം, സംസ്‌കരിച്ച മറ്റു ഉത്പന്നങ്ങള്‍ക്ക് പത്തു ശതമാനം എന്ന തോതില്‍ അടിസ്ഥാന തീരുവ പുനഃസ്ഥാപിച്ചതും പെട്രോളിന്റെയും ഡീസലിന്റെയും എകൈ്‌സസ് തീരുവ ലിറ്ററിന് ഒരു രൂപ വീതം കൂട്ടിയതുമാണ് ബജറ്റിലെ 'അപ്രിയ' നിര്‍ദേശങ്ങള്‍. നിരക്കുവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. ആഗോള മാന്ദ്യത്തെ നേരിടാനായി നടപ്പാക്കിയ സാമ്പത്തിക ഉത്തേജന നടപടികള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനമാണ് ഈ നിര്‍ദേശങ്ങളില്‍ പ്രതിഫലിക്കുന്നത്. സുചിന്തിതവും യാഥാര്‍ഥ്യബോധത്തിലൂന്നിയതുമായ ഈ നീക്കങ്ങള്‍ക്കിടയിലും ബജറ്റിനെ ജനപ്രിയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആദായനികുതി ഘടനയില്‍ വരുത്തിയ മാറ്റങ്ങളും ക്ഷേമമേഖലയ്ക്കു നല്‍കിയ ഊന്നലും.

പ്രത്യക്ഷ നികുതിയിളവുകള്‍ അനുവദിക്കുന്നതുമൂലം സര്‍ക്കാറിന് 26,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാവുമ്പോള്‍, പരോക്ഷ നികുതി വര്‍ധനയിലൂടെ 46000 കോടിയുടെ അധിക സമാഹരണം സാധ്യമാക്കാന്‍ ധനമന്ത്രിക്ക് സാധിച്ചു.

ഭവന വായ്‌പാ പലിശയിളവ് 2011 മാര്‍ച്ച് 31വരെ

ന്യൂഡല്‍ഹി: നഗരങ്ങളിലെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിലൂടെ 'സ്വര്‍ണ ജയന്തി ശഹരി റോസ്ഗാര്‍ യോജന' ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നഗരവികസനത്തിനുള്ള നീക്കിവെപ്പ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ധിപ്പിക്കാന്‍ ബജറ്റ് നിര്‍ദേശിക്കുന്നു. 3,060 കോടിയില്‍നിന്ന് 5,400 കോടിയായാണ് ഇത് വര്‍ധിപ്പിച്ചിട്ടുള്ളത്. ഭവനനിര്‍മാണത്തിനും നഗര ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമുള്ള തുക മുന്‍ വര്‍ഷത്തെ 850 കോടിയില്‍നിന്ന് 2010-11 വര്‍ഷം ആയിരം കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
പത്തു ലക്ഷംവരെയുള്ള ഭവന വായ്പകള്‍ക്ക് ഒരു ശതമാനം പലിശയിളവ് നല്‍കാനുള്ള പദ്ധതി 2011 മാര്‍ച്ച് 31വരെ നീട്ടുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2009-10 വര്‍ഷത്തെ ബജറ്റിലാണ് ധനമന്ത്രി ഈ ഇളവ് പ്രഖ്യാപിച്ചിരുന്നത്. 20 ലക്ഷത്തിനു താഴെ ചെലവ്‌വരുന്ന ഭവന നിര്‍മാണത്തിനാണ് ഈ ഇളവ് ബാധകം. ഇതിനായി 2010-11 വര്‍ഷം ബജറ്റില്‍ 700 കോടി വകയിരുത്തി.

നഗരങ്ങളിലെ ചേരിനിവാസികളുടെ പുനരധിവാസത്തിനുള്ള 'രാജീവ് ആവാസ് യോജന' നടപ്പുവര്‍ഷംതന്നെ പ്രാവര്‍ത്തികമാക്കും. ഇതിനായി 1,270 കോടിയാണ് വകയിരുത്തിയിട്ടുള്ളത്

ബസ്ചാര്‍ജ് വര്‍ധന ഉടനെ


തിരുവനന്തപുരം: ഡീസല്‍ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് കേരളസ്റ്റേറ്റ് റോഡ്ട്രാന്‍സ്‌പോര്‍ട്ട്‌കോര്‍പ്പറേഷന് പ്രതിമാസം മൂന്നരക്കോടിയോളം രൂപ അധികം കണ്ടെത്തേണ്ടിവരും. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ അടിയന്തരമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

43 കോടി രൂപയാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിമാസ ഇന്ധനച്ചെലവ്. ഒരു ലിറ്റര്‍ ഡീസലിന് 2.60 രൂപ വര്‍ധിപ്പിച്ചാല്‍ കോര്‍പ്പറേഷന്റെ ഇന്ധനച്ചെലവ് 46.5 കോടിയോളം രൂപയാകും. ജൂലായില്‍ ഡീസല്‍വില കൂടിയപ്പോള്‍ത്തന്നെ ചാര്‍ജ് വര്‍ധന വേണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് സ്വകാര്യബസ്സുടമകളും ഓട്ടോ,ടാക്‌സി അസോസിയേഷനുകളും നേരത്തേ തന്നെ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ചാര്‍ജ് വര്‍ധനയെക്കുറിച്ച് നിര്‍ദേശം നല്‍കാന്‍ രൂപവത്ക്കരിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി ഇക്കാര്യത്തില്‍ പഠനം നടത്താന്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ (നാറ്റ്പാക്) സഹായം തേടിയിരുന്നു. ബസ്സിലെ കുറഞ്ഞ യാത്രാക്കൂലി മൂന്നരരൂപയില്‍ നിന്ന് നാലുരൂപയാക്കണമെന്നും ഓട്ടോ, ടാക്‌സി നിരക്കില്‍ 15 ശതമാനം വരെ വര്‍ധനവ് വരുത്തണമെന്നും നാറ്റ്പാക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നാറ്റ്പാക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുടമകളുടെ അസോസിയേഷനുകള്‍ തുടങ്ങിയവയുടെ വാദം കേള്‍ക്കാന്‍ കഴിഞ്ഞയാഴ്ച ഗതാഗത സെക്രട്ടറി ഡബ്ല്യു.ബി. റെഡ്ഢി യോഗം വിളിച്ചുചേര്‍ത്തു. വാദം കേള്‍ക്കലിന്റെ റിപ്പോര്‍ട്ട് സെക്രട്ടറി ഇതുവരെ നല്‍കിയിട്ടില്ല. ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് ഗതാഗതവകുപ്പ് വാദം കേള്‍ക്കല്‍ നടത്തിയത്. അതുകൊണ്ടുതന്നെ വാദംകേള്‍ക്കലിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാരിന് ചര്‍ച്ച നടത്തേണ്ടതുണ്ട്. അടുത്തയാഴ്ചതന്നെ ഗതാഗതസെക്രട്ടറി റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി ജോസ്‌തെറ്റയില്‍ അറിയിച്ചു. ''റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഉപസമിതി യോഗം ചേരും. തുടര്‍ന്ന് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. എന്തായാലും അടുത്തയാഴ്ചയോടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടിവരും. അതിലപ്പുറം സര്‍ക്കാരിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല''-മന്ത്രി അറിയിച്ചു.

പെട്രോള്‍, ഡീസല്‍ വില കൂട്ടാനുള്ള ബജറ്റ് നിര്‍ദേശം വരുന്നതിനുമുമ്പാണ് മന്ത്രിസഭാ ഉപസമിതി നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയതെങ്കിലും നാറ്റ്പാക്കിന്റെ നിര്‍ദേശങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. കുറഞ്ഞയാത്രാക്കൂലി നാലുരൂപയാക്കി ഉയര്‍ത്തുന്നതിനൊപ്പം ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച ബദല്‍ നിര്‍ദേശങ്ങളും നാറ്റ്പാക് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

ALL NEWS FROM MATHRUBHUMI NEWS WEBSITE

No comments:

Post a Comment