Wednesday, February 10, 2010

പത്രങ്ങള്‍ക്ക് ഐപാഡ് പുതുജന്മം നല്‍കുമോ? apple I PAD

പത്രങ്ങള്‍ക്ക് ഐപാഡ് പുതുജന്മം നല്‍കുമോ ( mathru bhumi new webil ninnum )
for more details visit apple company authorized website



മാധ്യമങ്ങളെയും ടെലികോം രംഗത്തെയും കമ്പ്യൂട്ടിങിനെയും ഒരേ സമയം ലക്ഷ്യംവെച്ചുള്ളതാണ് ആപ്പിള്‍ കമ്പനിയുടെ 'ഐപാഡ്'. അച്ചടിമാധ്യമങ്ങള്‍ക്ക് ഡിജിറ്റല്‍ ലോകത്തേക്കുള്ള പുതിയ അവതാരം സാധ്യമാകുക ഐപോഡ് വഴിയാകുമെന്ന് പലരും കരുതുന്നു. പത്രങ്ങളുടെയും മാഗസിനുകളുടെയും ഭാവി ഐപോഡ് പോലുള്ള ഉപകരണങ്ങളെ ആശ്രയിച്ചാകുമോ....


മുപ്പത്തിനാല് വര്‍ഷത്തിനിടെ പല തവണ ചരിത്രം സൃഷ്ടിച്ച കമ്പനിയാണ് 'ആപ്പിള്‍'. ഡിജിറ്റല്‍ലോകത്തെയും മനുഷ്യജീവിതത്തെയും പരസ്​പരം അടുപ്പിക്കുക മാത്രമല്ല, വിപണിയുടെ നിയമങ്ങളും സാധ്യതകളും ആപ്പിള്‍ മാറ്റിയെഴുതുകയും ചെയ്തു. ആപ്പിളിന്റെ ഓരോ ഉത്പന്നവും വിവിധ മേഖലകളെ പുനര്‍നിര്‍വചിക്കുകയെന്ന ദൗത്യമാണ് നിര്‍വഹിച്ചത്.

ആദ്യം മകിന്റോഷ് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍; 1984-ല്‍. മൗസും ഗ്രാഫിക്‌സുമുള്ള ആ ഉപകരണം കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ അലകും പിടിയും മാറ്റി. 2001-ല്‍ ഐപോഡ് എന്ന മ്യൂസിക് പ്ലെയര്‍. വിനോദത്തിന്റെ അര്‍ഥം തന്നെ മാറ്റിമറിച്ച ഐതിഹാസിക ഉപകരണമായി അത് മാറി. ഒപ്പം ഓണ്‍ലൈന്‍ മ്യൂസിക് വിപണിയുടെ ആവിര്‍ഭാവത്തിനും ഐപോഡ് വഴി തുറന്നു. ആപ്പിളിന്റെ 'ഐട്യൂണ്‍സ്' മ്യൂസിക്‌സ്റ്റോറില്‍ ഇപ്പോള്‍ പത്തുകോടി ക്രെഡിറ്റ് കാര്‍ഡുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.


2007-ലാണ് ആപ്പിളിന്റെ ഐഫോണ്‍ രംഗത്തെത്തിയത്. ലോകത്തെ ആദ്യ സ്മാര്‍ട്ട്‌ഫോണായിരുന്നില്ല അത്. പക്ഷേ, സ്മാര്‍ട്ട്‌ഫോണുകളുടെ യഥാര്‍ഥ സാധ്യതകള്‍ എന്തൊക്കെയാണെന്ന് ഐഫോണ്‍ ആദ്യമായി ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു. മൊബൈല്‍ ഇന്റര്‍നെറ്റും സോഫ്ട്‌വേര്‍ ഡൗണ്‍ലോഡും ഒരു ബഹുജന കമ്പോളപ്രതിഭാസമാക്കി മാറ്റാന്‍ ഐഫോണ്‍ വഴിതെളിച്ചു. കമ്പ്യൂട്ടിങ്, ടെലകോം, സംഗീത മേഖലകളെ പുതുക്കിപ്പണിയുകയാണ് ഈ ആപ്പിള്‍ ഉപകരണങ്ങളെല്ലാം ചെയ്തത്.

ഇതോടൊപ്പം ഡിജിറ്റല്‍ലോകത്തിന് പാകമായ രൂപത്തില്‍ മാധ്യമമേഖലയെക്കൂടി രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ ആപ്പിളിന്റെ പുതിയ ഉത്പന്നമായ ഐപാഡ് രംഗത്തെത്തുന്നു. കഴിഞ്ഞ ജനവരി 27-ന് ഫ്രാന്‍സിസ്‌കോയില്‍ വെച്ച് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ച ഐപാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ മാര്‍ച്ച് മാസം മുതല്‍ പാശ്ചാത്യവിപണിയില്‍ ലഭ്യമായിത്തുടങ്ങും.

ഐഫോണിനും ലാപ്‌ടോപ്പിനും മധ്യേയുള്ള ഒരു കമ്പ്യൂട്ടിങ് ഉപകരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐപാഡ് യഥാര്‍ഥത്തില്‍ 25 സെന്റീമീറ്റര്‍ നീളവും 680 ഗ്രാം ഭാരവുമുള്ള ഒരു 'സ്‌ക്രീന്‍' മാത്രമാണ്, വിരലുകൊണ്ട് തൊട്ടുണര്‍ത്താവുന്ന സ്‌ക്രീന്‍. കട്ടി വെറും അരയിഞ്ച് മാത്രം. മള്‍ട്ടിടച്ച് സംവിധാനവും ഉയര്‍ന്ന റസല്യൂഷനുമുള്ള കളര്‍ഡിസ്‌പ്ലേ സങ്കേതവുമാണ് ഐപാഡിലേത്.

ടെലകോം, കമ്പ്യൂട്ടിങ്, മാധ്യമരംഗം ഇവയെ സമ്മേളിപ്പിച്ച് പുതിയ വിപണനസാധ്യകളും സാഹചര്യങ്ങളും സൃഷ്ടിക്കുകയാണ് ഐപാഡ് വഴി ആപ്പിള്‍ ലക്ഷ്യമിടുന്നതെന്ന്, 'ദി എക്കണോമിസ്റ്റ്' വാരിക നിരീക്ഷിക്കുന്നു. അച്ചടിരംഗത്തെയാണ് ആപ്പിള്‍ പുതിയതായി ലക്ഷ്യംവെയ്ക്കുന്നതെന്ന് വ്യക്തമാണ്. പ്രമുഖ പുസ്തകപ്രസാധകരായ പെന്‍ഗ്വിന്‍, സിമോണ്‍ ആന്‍ഡ് ഷൂസ്റ്റര്‍ തുടങ്ങിയ കമ്പനികളുമായി കമ്പനി ഉണ്ടാക്കിയിട്ടുള്ള കാരാര്‍ ഇതിന് തെളിവാണ്. ഐപാഡിനായി പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ നല്‍കാന്‍ മാര്‍ച്ച് ആകുമ്പോഴേക്കും കൂടുതല്‍ പ്രസാധകരുമായി ആപ്പിള്‍ കരാറുണ്ടാക്കിയേക്കും.

കാശുമുടക്കി ഡിജിറ്റല്‍ ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി ഒരു 'ഐബുക്ക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറും' ആപ്പിള്‍ സജ്ജമാക്കുകയാണ്. പാശ്ചാത്യലോകത്തെ മ്യൂസിക് വ്യവസായരംഗത്തെ എങ്ങനെയാണോ ഐട്യൂണ്‍സ് സ്റ്റോര്‍ വഴി ആപ്പിള്‍ മാറ്റിയത്, അത്തരമൊരു ചലനം പുസ്തകപ്രസാധകരംഗത്തും സംഭവിച്ചുകൂടായ്കയില്ല. മാത്രമല്ല, ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള പത്രങ്ങളുടെ ഇലക്ട്രോണിക് വകഭേദങ്ങള്‍ വായിക്കാന്‍ ആവശ്യമായ ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനും ഐപാഡില്‍ സൗകര്യമുണ്ട്.



കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിങ് സിസ്റ്റമാണ് മൈക്രോസോഫ്ട് വികസിപ്പിച്ചതെങ്കില്‍, വെബ്ബിന് വേണ്ട ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗൂഗിള്‍ വികസിപ്പിച്ചത്. അതേസമയം ഉപഭോക്താവിനും, അനുനിമിഷം വലുതായി വരുന്ന മാധ്യമലോകത്തിനുമിടയ്ക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുകയെന്ന ജോലിയാണ് ആപ്പിള്‍ ഇപ്പോള്‍ ചെയ്യുന്നത്. പത്രങ്ങളും മാഗസിനുകളും ഉള്‍പ്പടെയുള്ള അച്ചടിമാധ്യമലോകത്തിന് ഇത്തരമൊരു മാധ്യസ്ഥന്റെ ആവശ്യം ഇപ്പോള്‍ കൂടിയേ തീരൂ. ആ നിലയ്ക്ക് കാലം ആവശ്യപ്പെടുന്ന കര്‍ത്തവ്യമാണ് ആപ്പിള്‍ നിര്‍വഹിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.

അച്ചടിമാധ്യമം എന്നതില്‍ നിന്ന് ഡിജിറ്റല്‍രൂപത്തിലേക്കുള്ള പത്രങ്ങളുടെയും മാഗസിനുകളുടെയും മാറ്റം അത്ര അനായാസമല്ല. അതിന് ചരിത്രപരവും സാങ്കേതികവും മനശ്ശാസ്ത്രപരവുമായ ഒട്ടേറെ കാരണങ്ങള്‍ കണ്ടെത്താനാകും. ഓണ്‍ലൈനില്‍ വായിക്കുകയെന്നാല്‍ കാശുകൊടുക്കാതെ സൗജന്യമായി വായിക്കുക എന്നൊരു മനോഭാവം പൊതുവെയുണ്ട്. വായനക്കാരുടെ ഈ ശീലം മാറ്റിയെടുക്കാതെ അച്ചടിമാധ്യമങ്ങളുടെ ഓണ്‍ലൈന്‍ വകഭേദങ്ങള്‍ക്ക് ലാഭമുണ്ടാക്കാന്‍ ബുദ്ധിമുട്ടാണ്. അച്ചടിക്കുന്ന പരസ്യങ്ങള്‍ക്ക് നല്‍കുന്നത്ര പണം ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് മുടക്കാന്‍ കമ്പനികള്‍ തയ്യാറല്ല എന്നതും പ്രശ്‌നമാണ്.

എന്നാല്‍, ഇത്തരം കടമ്പകള്‍ മറികടക്കാനും അച്ചടിയില്‍നിന്ന് ഡിജിറ്റല്‍രൂപത്തിലേക്കുള്ള പരിവര്‍ത്തനം വേഗത്തിലാക്കാനും ഐപാഡ് പോലുള്ള ഉപകരണങ്ങള്‍ സഹായിച്ചേക്കുമെന്നാണ് പല പ്രസാധകരുടെയും പ്രതീക്ഷ. 'അച്ചടിച്ചപേജിന്റെ 21-ാം നൂറ്റാണ്ടിലെ അവതാരമായി ഐപാഡ് മാറിയേക്കാം' എന്നാണ് പ്രതീക്ഷ. നവീനരീതിയില്‍ ഉള്ളടക്കം അവതരിപ്പിക്കാനും അതിന് പ്രതിഫലം നിശ്ചയിക്കാനും ഐപാഡ് സഹായിച്ചേക്കും. 'പ്രസാധകര്‍ക്ക് ഒരു രണ്ടാംജന്മം നേടാനുള്ള യഥാര്‍ഥ അവസരമാണിത്'-ഡെലിയിറ്റെ കണ്‍സട്ടന്‍സിയിലെ വിദഗ്ധനായ ഫില്‍ അസ്മുന്‍ഡ്‌സണ്‍ അഭിപ്രായപ്പെടുന്നു.

അച്ചടിച്ച വാക്കുകളുടെ ഇലക്ട്രോണിക് രൂപം സൗജന്യമായി കിട്ടില്ല എന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തിക്കൊടുത്ത ഉപകരണങ്ങളാണ് ഇ-റീഡറുകള്‍. ആമസോണിന്റെ 'കിന്‍ഡില്‍' ആണ് അതില്‍ പ്രധാനം. കാശുകൊടുത്ത് ഓണ്‍ലൈനിലൂടെ പുസ്തകങ്ങളും മാഗസിനുകളും ഓണ്‍ലൈന്‍ പബ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്ത് വായിക്കാന്‍ അവസരമൊരുക്കുന്നു ഇ-റീഡറുകള്‍. ചെറിയ തോതിലായാല്‍പ്പോലും ഇ-റീഡറുകള്‍ വളര്‍ത്തിക്കൊണ്ടുവന്ന ആ ഉപഭോക്തൃപ്രവണതയെ മുതലാക്കാനും വ്യാപകമാക്കാനുമാകും ഐപാഡ് പോലുള്ള ഉപകരണങ്ങള്‍ ശ്രമിക്കുക. ഇ-റീഡറുകളെക്കാള്‍ എന്തുകൊണ്ടും മുന്തിയ ഉപകരണമാണ് ഐപാഡ്. മള്‍ട്ടികളര്‍ ഡിസ്‌പ്ലേ ഐപാഡിന്റെ ആകര്‍ഷണിയ പതിന്‍മടങ്ങാക്കുന്നു. ആ നിലയ്ക്ക് അതിന്റെ വിപണി സാധ്യതകളും കൂടുതലാണ്.

കാശുകൊടുത്ത് ഡൗണ്‍ലോഡ് ചെയ്ത് പുസ്തകങ്ങളും പത്രങ്ങളും മാഗസിനുകളും വായിക്കുക എന്നതിനൊപ്പം, പത്രങ്ങളുടെയും മറ്റും പേജ് അതിന്റെ യഥാര്‍ഥരൂപത്തില്‍ തന്നെ കാണാനും ഐപാഡ് അവസരമൊരുക്കകും. എന്നുവെച്ചാല്‍ പേജുകളിലെ ഡിസ്‌പ്ലേ പരസ്യങ്ങളും ആ നിലയ്ക്ക് തന്നെ കാണിക്കാം എന്നര്‍ഥം. അങ്ങനെ വന്നാല്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് കൂടുതല്‍ കാശ് മുടക്കാന്‍ കമ്പനികള്‍ക്ക് മടിയില്ലാതാകും. എന്നുവെച്ചാല്‍, പരമ്പരാഗത മാധ്യമങ്ങള്‍ ഏത് വിപണിയെയാണോ ലക്ഷ്യം വെയ്ക്കുന്നത് അതിന് സമാന്തരമായ ഒരു ഡിജിറ്റല്‍ വിപണി ഉരുത്തിരിയുകയാണ് ഐപാഡ് വഴി സംഭവിക്കുക. മാധ്യമലോകത്തിന് തീര്‍ച്ചയായും അത് പുതുജന്മം തന്നെയാകും നല്‍കുക.

നിലവില്‍ ന്യൂയോര്‍ക്ക് ടൈംസ് മാത്രമാണ് ഐപാഡില്‍ പ്രത്യേക ആപ്ലിക്കേഷന്‍ വഴി ലഭ്യമാകുന്നത്. എന്നാല്‍, വാനിറ്റി ഫെയര്‍, വയേര്‍ഡ്, ജിക്യു, സ്‌പോര്‍ട്‌സ് ഇല്ല്യുസ്‌ട്രേറ്റഡ് തുടങ്ങിയ ആനുകാലികങ്ങളൊക്കെ ഐപാഡിനോട് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

യഥാര്‍ഥത്തില്‍ 1990 - കളില്‍ ആപ്പിള്‍ ഉള്‍പ്പടെ ഒട്ടേറെ കമ്പനികള്‍ പരീക്ഷിച്ച് പരാജയപ്പെട്ട മേഖലയാണ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടേത്. ആപ്പിളിന് അതിന്റെ 'ന്യൂട്ടണ്‍ പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്' പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ടാബ്‌ലറ്റുകള്‍ വാര്‍ത്തയാകുന്നത് മൈക്രോസോഫ്ട് മേധാവിയായിരുന്ന ബില്‍ഗേറ്റ്‌സിന്റെ ഒരു പ്രവചനം വഴിയാണ്. ടാബ്‌ലറ്റുകള്‍ അധികം വൈകാതെ ആളുകളുടെ മുഖ്യകമ്പ്യൂട്ടിങ് ഉപകരണമാകുമെന്നായിരുന്നു ആ പ്രവചനം. എന്നാല്‍, താങ്ങാനാവാത്ത വിലയുള്ള ടാബ്‌ലറ്റുകള്‍ ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം തെറ്റിച്ചു.

ഇന്ന് പക്ഷേ കഥ മാറിയിരിക്കുന്നു. ഡിസ്‌പ്ലേ സങ്കേതങ്ങളില്‍ വന്ന വിപ്ലവകരമായ മുന്നേറ്റവും, ബാറ്ററി, മൈക്രോപ്രൊസസര്‍ മുതലായവയ്ക്കുള്ള നവീന സങ്കേതങ്ങളും ടാബ്‌ലറ്റുകളുടെ വില കാര്യമായി കുറച്ചിരിക്കുന്നു. ആവശ്യത്തിന് മെമ്മറിയും ത്രിജി വയര്‍ലെസ്സ് കണക്ഷനുമൊക്കെയുള്ള ഐപാഡിന് 499 ഡോളര്‍ മുതല്‍ 829 ഡോളര്‍ വരെ മാത്രമാണ് വില. സാധാരണക്കാര്‍ക്കും താങ്ങാവുന്ന ചെലവ്. എന്തുകൊണ്ട് കൂടുതല്‍ കമ്പനികള്‍ ടാബ്‌ലറ്റുകളുമായി രംഗത്തെത്തുന്നു എന്നതിന് ഇത് വിശദീകരണം നല്‍കുന്നു.

അടുത്തയിടെ അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന ഇലക്ട്രോണിക്‌സ് ട്രേഡ് ഫെയറില്‍ ഡസണ്‍ കണക്കിന് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ ആദ്യ മാതൃകകള്‍ വിവിധ കമ്പനികള്‍ അവതരിപ്പിക്കുകയുണ്ടായി. മോട്ടറോള, ലെനോവ, ഡെല്‍ ഒക്കെ പുതിയ മോഡലുകളുമായി രംഗത്തുണ്ട്. ലോകം ഒരു 'ടാബ്‌ലറ്റ് യുഗ'ത്തിന്റെ വക്കത്താണെന്ന് സാരം. ഐപാഡ് മുന്നോട്ടുവെയ്ക്കുന്ന മാധ്യമ സാധ്യതകളെ അവഗണിച്ചുകൊണ്ട് പുതിയ ടാബ്‌ലറ്റുകള്‍ക്ക് മുന്നോട്ടു പോകാനാവില്ല. എന്നുവെച്ചാല്‍, അച്ചടിമാധ്യമങ്ങളുടെ ഡിജിറ്റല്‍ അവതാരത്തിനുള്ള യഥാര്‍ഥ സമയം എത്തിയിരിക്കുന്നു എന്നുസാരം

No comments:

Post a Comment