Tuesday, March 16, 2010

ഡോട്ട്‌കോമിന് 25 വയസ്സ്‌ .com



വര്‍ഷങ്ങള്‍ക്കു മുമ്പ് പട്ടാളക്കാരുടെ പിടിവിട്ട് പുറത്തുചാടിയ നവമാധ്യമത്തെ നമ്മള്‍ ഡോട്ട് കോം എന്ന് പേരുചൊല്ലി വിളിച്ചിട്ട് ഇരുപത്തിയഞ്ചു വര്‍ഷം തികഞ്ഞു. ഡൊമൈനുകളുടെ വാലറ്റത്ത് പിന്നീട് പല പേരുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും നമുക്കിന്നും ഇന്റര്‍നെറ്റെന്നാല്‍ ഡോട്ട് കോമാണ്. ഇരുപത്തിയഞ്ചാം പിറന്നാളാഘോഷം വിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു ആദ്യ ഡോട്ട് കോം ഡൊമൈനായ സിംബോളിക്‌സും (www.symbolics.com) സൈബര്‍ ലോകവും.

നീണ്ട സംവാദങ്ങള്‍ക്കു ശേഷമായിരുന്നു ഡോട്ട് കോമിന്റെ പിറവി. കോര്‍പ്പറേഷന്റെ ചുരുക്ക രൂപമായ ഡോട്ട് കോര്‍ (.cor) ഉള്‍പ്പടെ നിരവധി പേരുകള്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും കൊമേഴ്‌സ്യല്‍ എന്ന വാക്കിന്റെ ചുരുക്കരൂപമായ ഡോട്ട് കോം (.com) എന്ന പേരാണ് അവസാനം നിശ്ചയിക്കപ്പെട്ടത്. 1985 മാര്‍ച്ച് 15-നാണ് ഡോട്ട് കോമില്‍ ആദ്യ വെബ് അഡ്രസ്-സിമ്പോളിക്‌സ് ഡോട്ട് കോം രജിസ്റ്റര്‍ ചെയ്യുന്നത്. പിച്ചവെക്കാന്‍ സമയമെടുത്ത ഡോട്ട് കോമില്‍ ആദ്യ രണ്ടുവര്‍ഷത്തിനുള്ളില്‍ വെറും നൂറ് വെബ്‌സൈറ്റ് മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂവെങ്കില്‍, തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഡോട്ട് കോം ബബിള്‍ എന്ന് ഓമനപ്പേരിട്ടുവിളിച്ച വിവരസാങ്കേതിക വിപ്ലവം സംഭവിച്ചത് പെട്ടെന്നായിരുന്നു. ഡോട്ട് കോമിനു പിന്നാലെ ഓര്‍ഗനൈസേഷന്‍ എന്നവാക്കിന്റെ ചുരുക്കമായ ഡോട്ട് ഓര്‍ഗ് മുതല്‍ ഓരോ രാജ്യത്തെയും സൂചിപ്പിക്കുന്ന ഡോട്ട് ഇന്‍, ഡോട്ട് യുഎസ് തുടങ്ങി നിരവധി ഡൊമൈനുകള്‍ പുറത്തിറങ്ങിയെങ്കിലും ഡോട്ട് കോം തന്നെയാണ് ഇന്നും ഇന്റര്‍നെറ്റിന്റ മുഖമുദ്ര.

1995ല്‍ വിന്‍ഡോസിന്റെ ആദ്യ പതിപ്പ് നിലവില്‍ വന്നതോടെയാണ് കമ്പ്യൂട്ടര്‍ ഉപയോഗവും പിന്നീട് ഇന്റര്‍നെറ്റും കൂടുതല്‍ ജനകീയമായത്. അതേവര്‍ഷം തന്നെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററും പുറത്തിറങ്ങി. ഇന്റര്‍നെറ്റ് അങ്ങനെ നെറ്റ്‌സ്‌കേപ്പില്‍നിന്ന് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലേക്ക് പലായനം ചെയ്തു. 1997-ലാണ് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ രംഗത്തുവന്നത്. ക്രമേണ ഇന്റര്‍നെറ്റ് ഒരുഭാഗത്തേക്കുള്ള ആശയവിനിമയം എന്നതില്‍ കവിഞ്ഞ് ഉപയോക്താക്കള്‍ക്കുകൂടി പങ്കാളിത്തമുള്ള വെബ് 2.0 എന്ന രണ്ടാം പതിപ്പിലേക്ക് ചുവടുവെച്ചു. ഇതോടെ ബ്ലോഗുകള്‍, ഓര്‍ക്കുട്ട്, ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സംവിധാനങ്ങള്‍ വഴി ലോകത്തെല്ലായിടത്തുമുള്ളവര്‍ പരസ്​പരം സൗഹൃദം കൈമാറിത്തുടങ്ങി. വിന്‍ഡോസ് എക്‌സ്​പി നിലവില്‍ വന്നതുമുതല്‍ മലയാളമുള്‍പ്പടെ പ്രാദേശിക ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാമെന്നായി.

2005-ല്‍ ലോകത്തെ നമ്മുടെ പി.സി.കളിലെത്തിച്ച ഗൂഗിള്‍ എര്‍ത്ത് നിലവില്‍ വന്നു. 2007ല്‍ ആപ്പിളിന്റെ ഐപ്പാഡ് രംഗത്തുവന്നതും 2008ല്‍ ബരാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ ഇന്റര്‍നെറ്റ് രാഷ്ട്രീയ പ്രചാരണ മാധ്യമമായതും ചരിത്രത്തിലെ നാഴികക്കല്ലുകളായി. അങ്ങനെ ഓരോ നിമിഷത്തിലും മഹാത്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാധ്യമമായി വെബ് വളര്‍ന്നു.
രണ്ടായിരത്തിനു മുമ്പുതന്നെ മലയാളം വെബ് സൈറ്റുകളുണ്ടായിരുന്നെങ്കിലും ഒരു ഭാഷയുടെ ഏകീകൃത രൂപമായ യുണീകോഡ് ലിപി തയ്യാറാക്കിയതോടെയാണ് മലയാളം നെറ്റില്‍ പച്ചപിടിച്ചത്. 2003-നു ശേഷമുണ്ടായ കാക്കത്തൊള്ളായിരം ബ്ലോഗുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും നവ മാധ്യമത്തിലും മലയാളവും വളര്‍ന്നു പന്തലിച്ചു.

ഡോട്ട് കോം ഡൊമൈനുകളുടെ ചുമതലക്കാരായ വെരിസൈന്‍ (Verisign) മാര്‍ച്ച് 16 മുതല്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വന്‍ പരിപാടികളുമായാണ് 25-ാം വാര്‍ഷികം കൊണ്ടാടുന്നത്. ഇതിന്റെ ഭാഗമായി 75,000 ഡോളറിന്റെ റിസര്‍ച്ച് ഗ്രാന്റാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

വാഷിങ്ടണ്‍ ഡിസിയിലും സാന്‍ഫ്രാന്‍സിസ്‌കോയിലും നടക്കുന്ന വിവിധ പരിപാടികളില്‍ ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുള്ളവരെയും പ്രസ്ഥാനങ്ങളെയും ആദരിക്കും. ആഘോഷവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ 25yearsof.com എന്ന വെബ് സൈറ്റ് വെരിസൈന്‍ പുറത്തിറക്കിയിരുന്നു, ഈ വെബ്‌സൈറ്റുവഴിയുള്ള വോട്ടെടുപ്പിലൂടെയാണ് 75 പ്രസ്ഥാനങ്ങളെയും വ്യക്തികളെയും തിരഞ്ഞെടുക്കുക. ഇന്റര്‍നെറ്റിനെ ഇന്നു കാണുന്നുന്ന രൂപത്തിലാവാന്‍ മുഖ്യ പങ്കുവഹിച്ച മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മുതല്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ വരെ പട്ടികയിലുണ്ട്. ആഘോഷപരിപാടികള്‍ക്കു വേണ്ടിയുള്ള കൗണ്ട് ഡൗണിലാണ് സിമ്പോളിക്‌സും സൈബര്‍ലോകവും.

ഡോട്ട്‌കോം വിശേഷങ്ങള്‍:


1. 1885 മാര്‍ച്ച് 15-ന്, ഡോട്ട് കോം എന്ന് അവസാനിക്കുന്ന ആദ്യ ഇന്റര്‍നെറ്റ് ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു (www.symbolics.com)

2. അതേ വര്‍ഷം വെറും അഞ്ച് കമ്പനികള്‍ക്കൂടി മാത്രമേ ഡോട്ട് കോം നാമം രജിസ്റ്റര്‍ ചെയ്തുള്ളു.

3. 1997-ല്‍ ഡോട്ട് കോം ഡൊമൈനുകളുടെ സംഖ്യ പത്തുലക്ഷമായി.

4. ഇപ്പോള്‍ ദിവസവും 668,000 ഡോട്ട് കോം സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു എന്നാണ് കണക്ക്.


courtesy mathrubhumi

3 comments:

  1. ലളിതമാനോഹരമായ വിവരണം.. നന്നായിട്ടുണ്ട്...

    ReplyDelete
  2. ബിനീഷിന്റെ കുറേ പോസ്റ്റുകള്‍ വായിച്ചു. ഏറ്റവും രസകരമായത് ‍ ഫ്ലൈറ്റ് ട്രാക്കിങ്ങ് ആണ്. അത് ഞാന്‍ കുറേ നേരം ആസ്വദിച്ചു.
    എന്റെ പോസ്റ്റില്‍ വന്നതിന് നന്ദി.

    ReplyDelete
  3. ഗീത and വെള്ളത്തിലാശാന്‍ thanks for the ckmments

    ReplyDelete