Saturday, April 10, 2010

കൊച്ചി ടീമിന് അംഗീകാരം കിട്ടി

കൊച്ചി ടീമിന് അംഗീകാരം കിട്ടി കരാര്‍ നാളെ






ന്യൂഡല്‍ഹി: ആശയക്കുഴപ്പങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ കൊച്ചി ആസ്ഥാനമായുള്ള ഐ.പി.എല്‍ ടീം യാഥാര്‍ഥ്യമാകുന്നു. പലതലങ്ങളിലായ ടീമിന്റെ ഉടമസ്ഥരായി രംഗത്തുവന്ന കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ രാഷ്ട്രീയ-ബിസിനസ്സ് ലോബികള്‍ നടത്തിയ സംഘടിത നീക്കത്തെ അതിജീവിച്ചാണ് ടീം യാഥാര്‍ഥ്യമാകുന്നത്. ബി.സി.സി.ഐയും റെങ്‌ദേവു കണ്‍സോര്‍ഷ്യവും തമ്മില്‍ ഫ്രാഞ്ചൈസി കരാര്‍ നാളെ ബാംഗ്ലൂരില്‍ ഒപ്പിടും. ടീമിന്റെ ഉടമസ്ഥരില്‍ ഒരാളായ വിവേക് വേണുഗോലും ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡിയുമാണ് കരാറില്‍ ഒപ്പിടുക. ബി.സി.സി.ഐ റെങ്‌ദേവുവിന്റെ ഉടമസ്ഥാവകാശ രേഖ അംഗീകരിച്ചു.


മാര്‍ച്ച് 21 ന് നടന്ന ലേലത്തില്‍ കൊച്ചി ടീം റെങ്‌ദേവു സ്വന്തമാക്കിയതുമുതല്‍ ടീം ഉടമസ്ഥരെ ഭിന്നിപ്പിക്കാന്‍ ലേലത്തില്‍ പരാജയപ്പെട്ട ഗ്രൂപ്പുകള്‍ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. റെങ്‌ദേവുവിലെ അഞ്ച് ഉടമസ്ഥരില്‍ നാല് പേരും ഗുജറാത്തിലെ ബിസിനസ്സുകാരായിരുന്നു. ഇവരെ ഭിന്നിപ്പാക്കാനാണ് അഹമ്മദബാദ് ആസ്ഥാനമായി ടീമിന് ശ്രമിച്ചവര്‍ നീങ്ങിയത്. ഇതിന് ഉന്നത രാഷ്ട്രീയക്കാരും ബി.സി.സി.ഐയിലെ ചിലരും ഒത്താശ ചെയ്തുകൊടുത്തു.


എന്നാല്‍ കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ വിളിച്ചുകൂട്ടിയ റെങ്‌ദേവു കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളുടെ യോഗത്തിലാണ് ഭിന്നതകള്‍ പരിഹരിക്കപ്പെട്ടത്. ഇതിന് പിന്നാലെ ഇന്ന് രാവിലെ ഫ്രാഞ്ചൈസിയുടെ 25 ശതമാനം ഓഹരി രണ്ട് അജ്ഞാതര്‍ക്ക് വിറ്റതായി ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടീമിന്റെ ഓഹരി ഉടമകളെക്കുറിച്ച് വ്യക്തമാക്കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ബി.സി.സി.ഐ മുന്നറിയിപ്പ് നല്‍കിയതായും ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.


കേരള ടീമിനെ ഒഴിവാക്കാനുള്ള ഗൂഢാലോചന നടന്നതായി ഉടമകളില്‍ ഒരാളായ വിവേക് വേണുഗോപാല്‍ പറയുകയും ചെയ്തു. ടീമിന്റെ ഉടമസ്ഥത സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് വിവേക് പറഞ്ഞു. ടീമിന്റെ 25 ശതമാനം ഓഹരി വിറ്റെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ ഇതില്‍ യാഥാര്‍ത്ഥ്യമില്ല. ഇതിന് പിന്നില്‍ ഐ.പി.എല്ലിലെ ഒരു ഉന്നതനാണെന്ന് വിവേക് പറഞ്ഞു.
ഐ.പി.എല്ലില്‍ നിന്ന് പിന്മാറാന്‍ നിക്ഷേപകരെ ഭീഷണിപ്പെടുത്തി. ദുബായിലെ ഒരു അധോലോകനായകന്‍ ഉള്‍പ്പടെയുള്ളവരാണ് ഭീഷണിപ്പെടുത്തിയത്. ടീമിന്റെ രേഖകളെല്ലാം ബി.സി.സി.ഐയ്ക്ക് കൈമാറിയതാണെന്ന് വിവേക് അറിയിച്ചു

No comments:

Post a Comment