Saturday, April 3, 2010



ട്വന്റി 20 ക്രിക്കറ്റിലെ മികച്ച പത്ത് ബാറ്റ്‌സ്മാന്മാരെ ഇന്ത്യന്‍ ഓഫ് സ്​പിന്നര്‍ ഹര്‍ഭജന്‍ സിങ് തിരഞ്ഞെടുക്കുന്നു

ക്രിക്കറ്റിനെ അതിവേഗമാണ് ട്വന്റി 20യും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ചേര്‍ന്ന് മാറ്റിമറിച്ചത്. കളിയുടെ എല്ലാ തലത്തിലും മികവ് വര്‍ധിക്കുന്നതിന് അതിടയാക്കി. ട്വന്റി 20-യില്‍, എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്തു ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുക്കുകയാണ് ഇവിടെ. ഒരു ബൗളറുടെ കാഴ്ചപ്പാടിലുള്ള ഈ തിരഞ്ഞെടുപ്പ് എനിക്കൊട്ടും എളുപ്പമായിരുന്നില്ല. വ്യാഴാഴ്ച അര്‍ധരാത്രിവരെ നീണ്ടുനിന്ന ആലോചനകള്‍ക്കൊടുവിലും വളരെ നീണ്ട ഒരു പട്ടികയാണ് ശേഷിച്ചത്. അത്രയ്ക്ക് പ്രതിഭകള്‍ ട്വന്റി 20യിലുണ്ട്. പക്ഷേ, എല്ലാവരെയും ഉള്‍പ്പെടുത്തുക അസാധ്യമാണല്ലോ. വിട്ടുപോയവരോട് ക്ഷമ ചോദിക്കുകയല്ലാതെ വേറെ നിര്‍വാഹമില്ല.


1. സച്ചിന്‍ തെണ്ടുല്‍ക്കര്‍


ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവത്തിനാണ് എന്റെ ഒന്നാം സ്ഥാനം. മറ്റാര്‍ക്കാണ് അതിനര്‍ഹത. സിക്‌സറുകള്‍ മാത്രമല്ല ട്വന്റി 20യെ നിയന്ത്രിക്കുന്നതെന്ന് സച്ചിന്‍ തെളിയിച്ചു. ഈ സീസണില്‍ ഇതേവരെ മുന്നൂറിലേറെ റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. അതിലൊരേയൊരു സിക്‌സറേ ഉള്ളൂവെന്നും ഓര്‍ക്കുക. അനിര്‍വചനീയമാണ് ആ കേളീമികവ്.

2.യുവരാജ് സിങ്


ഫോം ചില കാലങ്ങളില്‍ വില്ലനായി നിന്നേക്കാമെങ്കിലും പ്രതിഭയെ ഇല്ലാതാക്കാന്‍ അതിനാവില്ല. അതുകൊണ്ട് ട്വന്റി 20യിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലക്ഷ്യത്തിന് അനുസരിച്ച് ഇന്നിങ്‌സിന്റെ വേഗം നിയന്ത്രിക്കുന്നു. താളം കണ്ടെത്തുന്നതിന് അധികം പന്തുകളും ആവശ്യമില്ല.

3.യൂസഫ് പഠാന്‍


ഇപ്പോഴത്തെ നിലയ്ക്ക് ഈ പേരുകേട്ടാല്‍ നടുങ്ങാത്ത ബൗളര്‍മാരുണ്ടാകില്ല. ബാറ്റിന്റെ അതിവേഗ ചലനത്തിലൂടെ പന്ത് അടിച്ചകറ്റാനുള്ള കഴിവും ഏതുതരത്തിലുള്ള ബൗളിങ് ആക്രമണത്തെയും തച്ചുതകര്‍ക്കാന്‍ പോന്ന ആക്രമണശൈലിയും. യൂസുഫ് ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ പക്വതയാര്‍ജിച്ചുകഴിഞ്ഞു.

4.ആദം ഗില്‍ക്രിസ്റ്റ്


എത്ര മികച്ച ബൗളിങ് നിരയെയും നശിപ്പിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍. പന്തിന്റെ ലൈനും ലെങ്തും വിലയിരുത്തുന്നതില്‍ അദ്ദേഹത്തിനുള്ള മികവ് അപാരമാണ്. അതുകൊണ്ട് ഷോട്ട് തിരഞ്ഞെടുത്ത് കളിക്കാന്‍ മറ്റുള്ളവരേക്കാള്‍ സമയം ഗില്ലിക്ക് ലഭിക്കുന്നു. മൈതാനത്തെ മുഴുവന്‍ സ്ഥലങ്ങളിലും പന്തെത്തിക്കാന്‍ കഴിവുള്ള താരം.

5. ജാക്ക് കാലിസ്


ഏതു സാഹചര്യത്തിലും കളിയുടെ ഏതു രൂപത്തിലും തിളങ്ങാന്‍ കഴിവുള്ള താരങ്ങളിലൊരാള്‍. സാങ്കേതികമായ ജ്ഞാനവും ഷോട്ട് സെലക്ഷനിലുള്ള മികവുമാണ് കാലിസിനെ വ്യത്യസ്തനാക്കുന്നത്. ഇന്നിങ്‌സ് കെട്ടിപ്പടുക്കാനുള്ള ശേഷിയും സ്‌കോറിങ് അതിവേഗത്തിലാക്കാനുള്ള മികവും അദ്ദേഹത്തില്‍ ഒരുപോലെ സമ്മേളിച്ചിരിക്കുന്നു.

6.എം.എസ്. ധോനി


പകരംവെക്കാനില്ലാത്ത താരം. ലോകക്രിക്കറ്റിലെ എറ്റവും ബുദ്ധിമാനായ ബാറ്റ്‌സ്മാന്‍. സ്റ്റാമിനകൊണ്ടും കരുത്തുകൊണ്ടും നിങ്ങളെ ഇടിച്ചുവീഴ്ത്താന്‍ കഴിയുന്ന ഒരു ബോക്‌സറെപ്പോലെയാണ് ധോനി. സാഹചര്യങ്ങള്‍ വളരെപെട്ടെന്ന് വിലയിരുത്തുകയും അതിനനുസരിച്ച് തന്ത്രങ്ങള്‍ മാറ്റുകയും ചെയ്യുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍.

7. വീരേന്ദര്‍ സെവാഗ്


ലോകക്രിക്കറ്റിലെ എറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍. എല്ലാ ബൗളര്‍മാരും ഒരുപക്ഷേ, പന്തെറിയാന്‍ ഭയപ്പെടുന്ന താരവും വീരുവായിരിക്കും. മികച്ച സ്‌ട്രോക്കുകളാണ് പ്രത്യേകത. സമ്മര്‍ദമില്ലാതെ സാഹചര്യങ്ങളെ നേരിടുകയാണ് സെവാഗിന്റെ രീതി. കളിയേതായാലും സെവാഗിന് ഒരു മന്ത്രമേയുള്ളൂ, പന്ത് കാണുക, അതടിച്ചകറ്റുക.


8. ആന്‍ഡ്രു സൈമണ്ട്‌സ്


ക്രിക്കറ്റിലെ കടുപ്പക്കാരായ ഹിറ്റര്‍മാരിലൊരാള്‍. എത്ര കടുത്ത സാഹചര്യങ്ങളില്‍നിന്നും മത്സരം രക്ഷിച്ചെടുക്കുന്നു. അതിന് യോജിക്കുന്ന ഒരുപിടി ഷോട്ടുകള്‍ സൈമണ്ട്‌സിന് സ്വന്തമായുണ്ട്. സ്വതേ കടുപ്പക്കാരനും പോരാളിയുമാണ് സൈമോ. മികച്ച ബൗളിങ്ങും ഫീല്‍ഡിങ്ങും കൂടി ചേരുമ്പോള്‍ സൈമോ സമ്പൂര്‍ണ ട്വന്റി 20 പാക്കേജായി മാറും.

9. തിലകരത്‌നെ ദില്‍ഷന്‍


ട്വന്റി 20യില്‍ പുതിയതായൊരു ഷോട്ട് കണ്ടുപിടിച്ച താരം. കാല്‍മുട്ടിലൂന്നിനിന്ന് വിക്കറ്റ് കീപ്പര്‍ക്ക് നേരെ പിന്നിലേക്ക് പന്ത് തോണ്ടിയെറിയുന്ന 'ദില്‍സ്‌കൂപ്പ്' എന്ന ഷോട്ടിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. സെവാഗിനെപ്പോലെ ആക്രമണ ബാറ്റിങ് ശൈലിക്കുടമയാണ് ദില്‍ഷനും.

10. മാത്യു ഹെയ്ഡന്‍


മങ്കൂസ് ബാറ്റുണ്ടെങ്കിലും ഇല്ലെങ്കിലും ലോക ക്രിക്കറ്റിലെ കാളക്കൂറ്റന്‍. ഫോമിലാണെങ്കില്‍ ഹെയ്‌ഡോസിനെ നിയന്ത്രിക്കാന്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടും. മികച്ച ഫുട്ട്‌വര്‍ക്കുള്ള ബിഗ് ഹിറ്റര്‍മാരിലൊരാളാണ് മാത്യു ഹെയ്ഡന്‍. താന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത

No comments:

Post a Comment