ഗൂഗിളിന്റെ മാപ്പിംഗ് സേവനങ്ങളിലേക്ക് വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി ലോകത്താകെ നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായി ഫിബ്രവരിയിലാണ് തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിക്കുന്നത്. നിലവിലുള്ള മാപ്പിംഗ് സംവിധാനം ഉപയോഗിക്കുന്ന രീതി പഠിപ്പിച്ച് അതിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗൂഗിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. ഒന്നര മീറ്റര്‍ വരെ റെസല്യൂഷനിലുള്ള മാപ്പുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി നടത്തുന്നതെന്നും 'രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന' ഈ പരിപാടിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്നു എന്നതുമാണ് പാര്‍ട്ടി വിവാദമാകാനുള്ള പ്രധാന കാരണം. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ക്കിടക്ക് ആരു കാണാതെ പോകുന്ന അല്പം കാമ്പുള്ള വാദവുമായാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വാദികള്‍ രംഗത്തുവന്നത്. ഇത്തരം കാംപയിനുകളിലൂടെ യൂസര്‍ ജനറേറ്റഡ് കണ്ടന്റ് (UGC) ഉപയോഗിച്ച് വലിയ കാശുമുടക്കില്ലാതെ തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കുക എന്ന ഗൂഗിളിന്റെ ബിസിനസ് തന്ത്രത്തിനെതിരെയാണ് ഇവര്‍ രംഗത്തുവന്നത്. അത്തരം തന്ത്രങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ കൂട്ടുനില്‍ക്കുന്നതിനോടാണ് സ്വതന്ത്ര സോഫ്റ്റ ്‌വെയര്‍ പ്രസ്ഥാനങ്ങള്‍ എതിര്‍പ്പുപ്രകടിപ്പിച്ചത്.
ഡാമുകളും യൂണിവേഴ്‌സിറ്റികള്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഫോട്ടോ എടുക്കുന്നതുപോലും നിരോധിക്കപ്പെട്ട സംസ്ഥാനത്ത് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ ഇറക്കിയ ഔദ്യോഗികമായ ഒരു പ്രസ്താവനയാണെന്നു കരുതിയാല്‍ പോലും അധികൃതര്‍ ഉന്നയിക്കുന്ന സുരക്ഷാഭീഷണിക്ക് ഒരടിസ്ഥാനവുമില്ല എന്ന് മനസ്സിലാക്കാന്‍ നിലവിലുള്ള സാങ്കേതിക സംവിധാനത്തെക്കുറിച്ചുള്ള സാമാന്യ വിവരം മാത്രം മതി. ഗൂഗിളടക്കമുള്ള മാപ്പിംഗ് സര്‍വീസുകള്‍ അവര്‍ക്കുവേണ്ട ഉപഹ്രഹ ചിത്രങ്ങള്‍ വാങ്ങുന്നത് സ്വകാര്യ ഏജന്‍സികളില്‍ നിന്നാണ്. കൈയില്‍ ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ ഇന്ന് മില്ലീമീറ്റര്‍ സൂക്ഷ്മാനുപാതത്തിലുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ പോലും ലോകത്താര്‍ക്കും ലഭിക്കും.
മില്ലീമീറ്ററുകളുടെ സൂക്ഷ്മാനുപാതത്തിലുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ പോലും ലഭിക്കുന്ന ജി.പി.എസ്. സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഒരു സാധാരണ ജി.പി.എസ്. സംവിധാനത്തിന് മൊബൈല്‍ ഫോണിന്റെ വിലയേ വരുന്നുള്ളൂ. ഇവയാണെങ്കില്‍ വിദേശ ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതും. അതിസൂക്ഷ്മാനുപാതത്തിലുള്ള ചിത്രങ്ങള്‍ ലഭിക്കാവുന്ന ഡിഫറന്‍ഷ്യല്‍ ജി.പി.എസുപോലുള്ള സംവിധാനങ്ങളും നിലവിലുണ്ട്. ഒരു മീറ്റര്‍ സൂക്ഷ്മാനുപാതത്തിലുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചാല്‍ തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറാന്‍ എളുപ്പമാണെന്നു വാദിക്കുന്നവര്‍ ഇതേ അനുപാതത്തിലുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്ന സ്വകാര്യ കമ്പനികളുടെ വെബ്‌സൈറ്റുകളെക്കുറിച്ച് ഇതുവരെയൊന്നും പ്രതികരിച്ചു കണ്ടില്ല. സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രതിരോധവകുപ്പിന്റെ അനുമതിയോടെ നിരവധി കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിലയന്‍സ് പോലുള്ള വന്‍കിട കമ്പനികള്‍ അവരുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഇത്തരം അതിസൂക്ഷ്മാനുപാതത്തിലുള്ള ചിത്രങ്ങളാണ്. രാജ്യത്തെ സ്വകാര്യ സര്‍വേ സ്ഥാപനങ്ങളും ഇത്തരം സേവനങ്ങള്‍ ഉപയോഗിച്ചു വരുന്നു.
ഗൂഗിള്‍ എര്‍ത്ത് തുടങ്ങിയ കാലത്ത് ഇന്ത്യയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നുവെന്നതിന്റെ പേരില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. അത് അതേ വേഗത്തില്‍ തന്നെ കെട്ടടങ്ങുകയും ചെയ്തു. സുരക്ഷയുടെ കാര്യത്തില്‍ ചെയ്യാനുള്ളത് ഒന്നു മാത്രമാണ്. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ മാപ്പില്‍ നിന്നും എടുത്തു മാറ്റുകയോ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഇത്തരം കമ്പനികളെ ഔദ്യോഗികമായി വിലക്കുകയോ ചെയ്യുക. ഇത്തരം നീക്കങ്ങളൊന്നും ഇന്റലിജന്‍സ് വിഭാഗത്തിന്റേയോ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലതാനും.
ഇനി ഗൂഗിളിന്റെ കച്ചവടതന്ത്രത്തിന്റെ കാര്യം. സൗജന്യമായി സേവനങ്ങള്‍ ലഭ്യമാക്കി അവയുടെ നിര്‍മ്മാണത്തില്‍ ഉപഭോക്താവിനും പങ്കെടുക്കാനുള്ള അവസരം നല്‍കുന്നതുവഴി ലഭിക്കുന്ന വന്‍ യൂസര്‍ ജനറേറ്റഡ് കണ്ടന്റ് ഉപയോഗിച്ചാണ് ഗൂഗിളിന്റെ മാപ്പിംഗ് അടക്കമുള്ള സേവനങ്ങള്‍ മുന്നോട്ടു പോകുന്നത്. അതില്‍ തെറ്റു പറയാനില്ല. ഇത്തരം യൂസര്‍ ജനറേറ്റഡ് കണ്ടന്റിലൂടെ വന്‍ ഹിറ്റായ വിക്കിപ്പീഡിയയെ ഒഴിവാക്കിയുള്ള ഇന്റര്‍നെറ്റ് ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത കാലമാണിത്. മൈക്രോസോഫ്റ്റുപോലെ കുത്തക നിലപാടുകളൊന്നും ഗൂഗിള്‍ എടുത്തിട്ടുമില്ല. പക്ഷേ തീര്‍ത്തും സ്വകാര്യമായി നടത്തേണ്ട ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ രംഗത്തുവരുന്നതിലാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വാദികള്‍ പ്രതിഷേധമുയര്‍ത്തിയത്.
സിറ്റിസണ്‍ കാര്‍ട്ടോഗ്രാഫര്‍മാരെ സൃഷ്ടിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് നടക്കുന്ന ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടി സംഘടിപ്പിക്കുന്നത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ടിക്കല്‍ ആന്റ് ഇലക്ട്രോണിക് എന്‍ജിനീയേഴ്‌സ് ഐ.ഇ.ഇ.ഇ ന്റെയും കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെയും കേരള ഘടകങ്ങളും ഗൂഗിളും ചേര്‍ന്നാണ്. പ്രാദേശിക വിവരങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുക എന്നതാണ് ഗൂഗിളിന്റെ ബിസിനസ് താല്‍പര്യം എന്നു പറയാവുന്നത്. ഇതിനെതിരെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ രംഗത്തു വന്നിരിക്കുന്നത്. സുരക്ഷയുടേയും മറ്റും പേരില്‍ ലാഹോറിലും മറ്റും നടന്ന ഗൂഗിള്‍ പാര്‍ട്ടികള്‍ വിവാദത്തിലായിരുന്നു.
ഇത്തരം മാപ്പിംഗ് സേവനത്തിന്റെ അവകാശികള്‍ ഗൂഗിള്‍ ആയിരിക്കുമെന്ന് അവര്‍ തറപ്പിച്ചു പറയുന്നിടത്താണ് വിവാദം തലപൊക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി സഹകരിക്കുന്ന ഗൂഗിള്‍ ഭാവിയില്‍ മറ്റാരുടേയെങ്കില്‍ കൈയില്‍ പെട്ടാല്‍ ഇങ്ങനെ ചുളുവില്‍ സംഘടിപ്പിക്കുന്ന വന്‍ ഡാറ്റാ ശേഖരത്തിന്റെ അവകാശികള്‍ ഒരു കുത്തകയുടേതായി മാറുമെന്നതാണ് ചിന്തിക്കേണ്ട വസ്തുത.
ഇത്തരം പ്രാദേശിക വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായാല്‍ നിലവിലുള്ള സാഹചര്യത്തില്‍ രാജ്യസുരക്ഷക്ക് വലിയ ഭീഷണിയൊന്നുമില്ല. മറിച്ച് പൊതുജനത്തിന് അത് സഹായകമാണുതാനും. പക്ഷേ നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ ഇനിയും ചെയ്യാന്‍ മറന്നുപോയ കാര്യം തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ഇത്തരം പൊതു ഇടങ്ങളില്‍ നിന്നും ഒഴിവാക്കുക എന്നതാണ്. ഗൂഗിളടക്കമുള്ള സംവിധാനങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലുളള സേവനങ്ങള്‍ ലഭ്യമാക്കുമ്പോളെങ്കിലും സുരക്ഷയെ ബാധിക്കുന്ന സ്ഥലങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കാനാണ് നടപടി സ്വീകരിക്കേണ്ടത്. അല്ലാതെ ഇത്തരം ജനകീയ പരിപാടികളോട് വാക് യുദ്ധം നടത്തിയതുകൊണ്ടായില്ല.
bestwishes
ReplyDeletethanks jayaraj
ReplyDelete