Friday, February 19, 2010

മൈക്രോസോഫ്റ്റും യാഹുവും കൈകോര്‍ക്കുന്നു

Posted on: 19 Feb 2010



ന്യൂയോര്‍ക്ക്: ഗൂഗിളിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് യാഹുവും കംപ്യൂട്ടര്‍ ഭീമന്മാരായ മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു. ഇരു കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കാനായി ഏഴ് മാസം മുമ്പ് തയാറാക്കിയ കരാറിന് അമേരിക്കയും യൂറോപ്യന്‍ കമ്മീഷനും അംഗീകാരം നല്‍കി. 2006 മുതല്‍ തുടങ്ങിയ ചര്‍ച്ചകളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. 2006 ല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള വാഗ്ദാനം ആദ്യം മൈക്രോസ്‌ഫോറ്റ് മുന്നോട്ട് വെച്ചെങ്കിലും യാഹു താത്പര്യം കാണിച്ചില്ല. 2008 ല്‍ യാഹുവിനെ വാങ്ങാന്‍ വരെ മൈക്രോസോഫ്റ്റ് നീക്കം നടത്തി. അതും ഫലം കണ്ടില്ല. മൂന്നു വര്‍ഷത്തിന് ശേഷമാണെങ്കിലും മൈക്രോസോഫ്റ്റ് ഒടുവില്‍ ലക്ഷ്യം നേടി.

ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ പ്രധാനികളാണ് ഗൂഗിളും യാഹുവും. ഇതില്‍ സെര്‍ച്ച് എഞ്ചിന്‍ മേഖലയിലെ ഉപഭോക്താക്കളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഗൂഗിളിനെ ആശ്രയിക്കുന്നതായാണ് കണക്ക്. ഗൂഗിളിന്റെ മേധാവിത്വത്തിന് തടയിടാനാണ് ഈ പങ്കാളിത്തത്തിലൂടെ യാഹുവും മൈക്രോസോഫ്റ്റും ശ്രമിക്കുന്നത്. സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് സ്ഥാനം നേടാന്‍ ഏറക്കാലമായി മൈക്രോസോഫ്റ്റ് പലരീതിയില്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

ഏറ്റവും ഒടുവില്‍ ബിങ് എന്ന പേരില്‍ സ്വന്തമായി സെര്‍ച്ച് എഞ്ചിന്‍ ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് യാഹുവുമായി ചേര്‍ന്ന് വിപണിയില്‍ കൂടുതല്‍ പങ്കാളിത്തം മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. തത്കാലം ബിങ്ങും യാഹുവും വ്യത്യസ്ത സെര്‍ച്ച് എഞ്ചിനുകളായി തുടരും. യാഹുവില്‍ സെര്‍ച്ച് നടത്തുമ്പോള്‍ ഇനി മുതല്‍ ബിങ്ങിന്റെ സഹായത്തോടെ എന്നാവും വരുകയെന്ന് മാത്രം.

പുതിയ ധാരണ അനുസരിച്ച് അഞ്ച് വര്‍ഷത്തേക്ക് പരസ്യവരുമാനത്തിന്റെ 88 ശതമാനവും യാഹുവിനായിരിക്കും ലഭിക്കുക. ഓണ്‍ലൈന്‍ രംഗത്ത് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം യാഹുവിന് മൈക്രോസോഫ്റ്റ് നല്‍കും. സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് 65 ശതമാനത്തോളമാണ് ഗൂഗിളിന്റെ മേധാവിത്വമെന്നാണ് കണക്ക്. ഇതില്‍ നിന്ന് കാര്യമായ വിഹിതം നേടുകയാണ് മൈക്രോസോഫ്റ്റ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
courtesy mathrubhumi

No comments:

Post a Comment