Friday, February 5, 2010

യാത്ര ചെയ്ത് ശിവസേനയ്ക്ക് രാഹുലിന്റെ മറുപടി



Posted on: 05 Feb 2010


മുംബൈ: പ്രതിഷേധത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ അകമ്പടിയോടെ മുംബൈയിലെത്തിയ രാഹുല്‍ഗാന്ധി മുന്‍കൂര്‍ നിശ്ചയിച്ച പരിപാടികള്‍ മാറ്റി സഞ്ചരിച്ച് വീണ്ടും വ്യത്യസ്തനായി. മുംബൈ മറാഠികളുടേതെന്ന വാദവുമായി ശിവസേന നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കുള്ള മറുപടി രാഹുല്‍ ആവര്‍ത്തിച്ചു. തിരക്ക് നിറഞ്ഞ സബര്‍ബന്‍ ട്രെയിനില്‍ കയറി യാത്ര ചെയ്താണ് രാഹുല്‍ പതിവ് സുരക്ഷാ ക്രമീകരണങ്ങളെ മറികടന്നത്.

ജൂഹുവിലെ സന്ദര്‍ശനം കഴിഞ്ഞ് വിലേ പാര്‍ലെയില്‍ നിന്ന് അന്ധേരിയിലേക്കെത്തിയ രാഹുല്‍ അവിടെ നിന്ന് ഖഡ്‌കോപ്പറിലെ അംബേദ്കര്‍ നഗറിലേക്കാണ് ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തത്. രാവിലെ രാഹുലിന്റെ സന്ദര്‍ശന വേദിയ്ക്കരികില്‍ പ്രതിഷേധ പ്രകടനവുമായി എത്തിയ ശിവസേനാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. അംബേദ്കര്‍ പ്രതിമയില്‍ മാല ചാര്‍ത്തിയ ശേഷം ചേരിയിലെ യുവാക്കളുമായി സംവാദം നടത്തി. രണ്ട് ചടങ്ങുകളില്‍ പങ്കെടുത്തു. അന്ധേരിയിലെ ഒരു എ.ടി.എം. കൗണ്ടറിലും കയറി.

കരിങ്കൊടി കാട്ടി പ്രതിഷേധിക്കാന്‍ ശിവസേനാ മേധാവി ബാല്‍താക്കറെ അണികള്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മുംബൈയില്‍ ഒരുക്കിയത്. പലയിടത്തും ചെറിയ തോതില്‍ സംഘാര്‍ഷാവസ്ഥയുണ്ടായി. മുംബൈ യൂത്ത് കോണ്‍ഗ്രസ്സിന്റെ അംഗത്വ പ്രചാരണത്തിന്റെ ഭാഗമായാണ് രാഹുല്‍ മുംബൈയിലെത്തിയത്. മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമാണെന്ന രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ ചോദ്യം ചെയ്തിരുന്നു. വൈകീട്ടോടെ രാഹുല്‍ പോണ്ടിച്ചേരിയിലേക്ക് പോകും.
kadapadu mathrubhumi news

No comments:

Post a Comment