Monday, September 3, 2012

ഈ അമ്മ എന്നും ജീവിക്കും.... മരിക്കില്ല ......

കേരളകരയാകെ നെഞ്ചിലേറ്റിയ ട്രാഫിക്‌ എന്ന സിനിമ ....ഇങ്ങനെ ഒരു സംഭവം ഉണ്ടായതാണോ ? ചെന്നൈ നഗരത്തില് ഉണ്ടായി എന്ന് പറയുന്നുണ്ടയിരിന്നു ..എന്തായാലും ഇപ്പോള്‍ നമുക്കും അഭിമാനിക്കാം നമ്മുളുടെ ഈ കൊച്ചു കേരളത്തിലും ഒരു ട്രാഫിക്‌ impact ......

സിനിമ കാണുക മാത്രമല്ല ജീവിതത്തില്‍ അതിന്റെ നന്മകള് കാണിക്കുക എന്നതും നമ്മളുടെ ജീവിത ഭാഗമാകുന്നു എന്നുള്ളത് അഭിമാനിക്കാവുന്നതാണ് ........

ഇനിയെല്ലാം ഈ വാര്‍ത്ത‍ വായിച്ചാല്‍ നിങ്ങള്ക്കും മനസിലാകും ..

കടപാട് .മാതൃഭൂമി 

 

തിരുവനന്തപുരം: കിലോമീറ്ററുകളുടെ ദൂരം 'ട്രാഫിക്കി' നിടയിലൂടെ ഓടിത്തീര്‍ത്ത് 24 മണിക്കൂറിനുള്ളില്‍ വൃക്കയും കരളും മാറ്റിവെച്ച ഇച്ഛാശക്തി മൂന്നു പേരുടെ ജീവന്‍ തിരിച്ചു നല്‍കി. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അമ്മയുടെ രണ്ടുവൃക്കകളും കരളും ദാനം ചെയ്യാന്‍ തീരുമാനിച്ച മക്കള്‍ക്കൊപ്പം മൂന്ന് ആസ്പത്രിയിലെ ഡോക്ടര്‍മാരും ആരോഗ്യവകുപ്പധികൃതരും മാതൃകയായി. തിരുവനന്തപുരത്തെ എസ്.പി ഫോര്‍ട്ട് ആസ്പത്രിയില്‍ നിന്നും സ്വീകരിച്ച അവയവങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് കൊച്ചിയിലെ അമൃത ആസ്പത്രിയിലും കോഴിക്കോട് മലബാര്‍ മെഡിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലും എത്തിച്ചത് സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍.


വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെതിരുവനന്തപുരം ഫോര്‍ട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫോര്‍ട്ട് സൗത്ത് സ്ട്രീറ്റില്‍ സീതാലക്ഷമി (64) യുടെ അവയവങ്ങളാണ് മാറ്റിവെച്ചത്. തലവേദനയായി ആസ്പത്രിയിലെത്തിയ സീതാലക്ഷ്മിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ച 12.30 ഓടെ സീതാലക്ഷ്മിയുടെ മക്കളായ മുരുകദാസ്, ബിന്ദു, ഉമ, ഭഗവതി എന്നിവര്‍ ചേര്‍ന്ന് വിദഗ്‌ധോപദേശത്തിനായി ശ്രിചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഡോ. ഈശ്വറിനെ വിളിച്ചു. ഇദ്ദേഹമാണ് അവയവ മാറ്റം നിര്‍ദേശിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു ശേഷം ഇവര്‍ ഒരുമിച്ച് മഹത്തായ തരുമാനമെടുക്കുകയായിരുന്നു.

ട്രാഫിക് എന്ന മലയാള സിനിമയുടെ കഥയെ വെല്ലുന്ന സംഭവങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്. രണ്ടു മണിക്ക് അമ്മയുടെ അവയവം ദാനം ചെയ്യാനുള്ള സന്നദ്ധത മക്കള്‍ ഫോര്‍ട്ട് ആസ്പത്രി അധികൃതരെയും ഡോ. ഈശ്വറിനെയും അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയയുടെ നടപടികള്‍സര്‍ക്കാര്‍ അടുത്തിടെ ലഘുകരിച്ചതിനാല്‍ ചികിത്സിച്ച അതേ ആസ്പത്രിയില്‍ തന്നെ ശസ്ത്രക്രിയ ചെയ്യാനായി. അപ്പോള്‍ തന്നെ അവയവ മാറ്റിവയ്ക്കല്‍ കമ്മിറ്റിയുടെ സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ.രാമദാസ് പിഷാരടിയുമായി ബന്ധപ്പെട്ടു. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഡോ.ശ്രീചിത്ര, ഡോ.നസീം, ഡോ.ഈശ്വര്‍. ഡോ.ഷഫീഖ് മുഹമ്മദ് എന്നിവര്‍ സീതാലക്ഷ്മിയെ പരിശോധിച്ചു. 4.30 ന്റെ ആദ്യ പരിശോധനയില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഇതോടെ സാങ്കേതിക അനുമതിക്കുള്ള നടപടികള്‍ ആരംഭിച്ചു. ആസ്പത്രിയധികൃതര്‍ ഔദ്യോഗിക അപേക്ഷ നല്‍കി. ആരോഗ്യവകുപ്പു സെക്രട്ടറിയുടെ അനുമതിയടക്കമുള്ളവ ഫാക്‌സിലെത്തി. രാത്രി 8.30 ന് അവയവദാനത്തിനുള്ള അനുമതി പത്രത്തില്‍ മക്കള്‍ ഒപ്പുവെച്ചു. ഒമ്പതോടെ കേരളത്തിലെ എല്ലാ ആസ്പത്രികളിലേക്കും അറിയിപ്പ് പോയി. കരള്‍ ആവശ്യപ്പെട്ട് കൊച്ചി അമൃത ആസ്പത്രിയില്‍ നിന്നും വൃക്കകള്‍ ആവശ്യപ്പെട്ട് കോഴിക്കോട് മിംസില്‍ നിന്നും മറുപടി വന്നു. രാത്രി 10.30 ന് മെഡിക്കല്‍ കമ്മിറ്റിയുടെ അവസാന പരിശോധനയും പൂര്‍ത്തിയാക്കി.

ഇതിനു തൊട്ട് മുമ്പ് കൊച്ചി ആസ്പത്രിയില്‍ നിന്നും ആംബുലന്‍സും ഡോക്ടര്‍മാരും തിരിച്ചിരുന്നു. ഡോക്ടര്‍മാരായ ദിനേശ്, പ്രസാദ്, ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം 12.30 ന് തിരുവനന്തപുരത്തെ ആസ്പത്രിയിലെത്തി. 12.50 ന് ഡോ.ഷഫീക് മുഹമ്മദിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ആരംഭിച്ചു. പുലര്‍ച്ചെ രണ്ടിന് ആദ്യ രക്ത സാമ്പിളുമായി ആദ്യ വാഹനം കൊച്ചിയിലേക്ക് തിരിച്ചു. ഇതേ സമയത്ത് കൊഴിക്കോട്ട് നിന്നും വൃക്കകള്‍ സ്വീകരിക്കുന്നവരുടെ രക്തസാമ്പിളുകള്‍ കൊച്ചിയിലേക്കും അയച്ചു. ശസ്ത്രക്രിയയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കരളുമായി 5.15 ന് ആംബുലന്‍സ് കൊച്ചിയിലെ ആസ്പത്രിയിലേക്ക് തിരിച്ചു. പുറപ്പെടുമ്പോള്‍ തന്നെ സ്വീകരിക്കേണ്ട രോഗിയെ ശസ്ത്രക്രിയാമുറിയിലേക്ക് മാറ്റി. അഞ്ചുമണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ ആരംഭിക്കണം. എട്ടു മണിക്ക് കരള്‍ എറണാകുളത്തെത്തിക്കണം. വേഗത്തില്‍ പാഞ്ഞുകൊണ്ടിരുന്ന ആംബുലന്‍സിന്റെ ഡീസല്‍ടാങ്കില്‍ ചോര്‍ച്ച. ഹരിപ്പാടിനടുത്ത് വി.കെ.ജട്ടിക്കു സമീപം ആംബുലന്‍സ് നിന്നു. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. അവിടെനിന്ന് യാത്ര 108 ആംബുലന്‍സില്‍. നിശ്ചയിച്ചതിനേക്കാള്‍ അരമണിക്കൂര്‍ വൈകി 8.30 ന് ആസ്പത്രിയിലെത്തി.

രാവിലെ 6.15 ന് കോഴിക്കോട് മിംസിലേക്കുള്ള വൃക്കകളുമായി രണ്ടാമത്തെ വാഹനം തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടു. രണ്ടു ജീവനുകള്‍ ശസ്ത്രക്രിയാമുറിയില്‍ ഇവ കാത്തിരുന്നു. ഉച്ചയ്ക്ക് ഒന്നിന് വാഹനങ്ങള്‍ കോഴിക്കോട്ടെത്തി. ശസ്ത്രക്രിയ തുടങ്ങി. ഡോ.ഹരിഗോവിന്ദ്, രാജീവ്, ആശിഷ് ജണ്ഡാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രണ്ടു ശസ്ത്രക്രിയകള്‍.ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ അവ വിജയകരമായി പൂര്‍ത്തിയാക്കി ഇവര്‍ പുറത്തിറങ്ങി. വെള്ളിയാഴ്ച രാത്രി ഒമ്പതിന് തുടങ്ങിയ ജീവന്‍ രക്ഷാ ശ്രമങ്ങള്‍ക്ക് 24 മണിക്കൂറിന്റെ പരിസമാപ്തി. ഡോക്ടര്‍മാരുടെയും ഒരു കൂട്ടായ്മയുടെയും വിജയം. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തിരുവനന്തപുരത്ത് ആദ്യമാണ്. കൊച്ചിയില്‍ ഒരു ഡോക്ടറാണ് കരള്‍ സ്വീകരിച്ചത്. കോഴിക്കോട് സ്വദേശികളായ രാജന്‍, ജിനേന്ദ്രന്‍ എന്നിവര്‍ക്കാണ് വൃക്ക വെച്ചു പിടിപ്പിച്ചത്.





2 comments:

  1. മാതൃഭൂമി സദ്‌ വാര്‍ത്തയില്‍ വായിച്ചിരുന്നു ..
    http://www.mathrubhumi.com/static/others/special/story.php?id=299319

    ReplyDelete