Saturday, April 3, 2010



ട്വന്റി 20 ക്രിക്കറ്റിലെ മികച്ച പത്ത് ബാറ്റ്‌സ്മാന്മാരെ ഇന്ത്യന്‍ ഓഫ് സ്​പിന്നര്‍ ഹര്‍ഭജന്‍ സിങ് തിരഞ്ഞെടുക്കുന്നു

ക്രിക്കറ്റിനെ അതിവേഗമാണ് ട്വന്റി 20യും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ചേര്‍ന്ന് മാറ്റിമറിച്ചത്. കളിയുടെ എല്ലാ തലത്തിലും മികവ് വര്‍ധിക്കുന്നതിന് അതിടയാക്കി. ട്വന്റി 20-യില്‍, എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്തു ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുക്കുകയാണ് ഇവിടെ. ഒരു ബൗളറുടെ കാഴ്ചപ്പാടിലുള്ള ഈ തിരഞ്ഞെടുപ്പ് എനിക്കൊട്ടും എളുപ്പമായിരുന്നില്ല. വ്യാഴാഴ്ച അര്‍ധരാത്രിവരെ നീണ്ടുനിന്ന ആലോചനകള്‍ക്കൊടുവിലും വളരെ നീണ്ട ഒരു പട്ടികയാണ് ശേഷിച്ചത്. അത്രയ്ക്ക് പ്രതിഭകള്‍ ട്വന്റി 20യിലുണ്ട്. പക്ഷേ, എല്ലാവരെയും ഉള്‍പ്പെടുത്തുക അസാധ്യമാണല്ലോ. വിട്ടുപോയവരോട് ക്ഷമ ചോദിക്കുകയല്ലാതെ വേറെ നിര്‍വാഹമില്ല.


1. സച്ചിന്‍ തെണ്ടുല്‍ക്കര്‍


ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവത്തിനാണ് എന്റെ ഒന്നാം സ്ഥാനം. മറ്റാര്‍ക്കാണ് അതിനര്‍ഹത. സിക്‌സറുകള്‍ മാത്രമല്ല ട്വന്റി 20യെ നിയന്ത്രിക്കുന്നതെന്ന് സച്ചിന്‍ തെളിയിച്ചു. ഈ സീസണില്‍ ഇതേവരെ മുന്നൂറിലേറെ റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. അതിലൊരേയൊരു സിക്‌സറേ ഉള്ളൂവെന്നും ഓര്‍ക്കുക. അനിര്‍വചനീയമാണ് ആ കേളീമികവ്.

2.യുവരാജ് സിങ്


ഫോം ചില കാലങ്ങളില്‍ വില്ലനായി നിന്നേക്കാമെങ്കിലും പ്രതിഭയെ ഇല്ലാതാക്കാന്‍ അതിനാവില്ല. അതുകൊണ്ട് ട്വന്റി 20യിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലക്ഷ്യത്തിന് അനുസരിച്ച് ഇന്നിങ്‌സിന്റെ വേഗം നിയന്ത്രിക്കുന്നു. താളം കണ്ടെത്തുന്നതിന് അധികം പന്തുകളും ആവശ്യമില്ല.

3.യൂസഫ് പഠാന്‍


ഇപ്പോഴത്തെ നിലയ്ക്ക് ഈ പേരുകേട്ടാല്‍ നടുങ്ങാത്ത ബൗളര്‍മാരുണ്ടാകില്ല. ബാറ്റിന്റെ അതിവേഗ ചലനത്തിലൂടെ പന്ത് അടിച്ചകറ്റാനുള്ള കഴിവും ഏതുതരത്തിലുള്ള ബൗളിങ് ആക്രമണത്തെയും തച്ചുതകര്‍ക്കാന്‍ പോന്ന ആക്രമണശൈലിയും. യൂസുഫ് ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ പക്വതയാര്‍ജിച്ചുകഴിഞ്ഞു.

4.ആദം ഗില്‍ക്രിസ്റ്റ്


എത്ര മികച്ച ബൗളിങ് നിരയെയും നശിപ്പിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍. പന്തിന്റെ ലൈനും ലെങ്തും വിലയിരുത്തുന്നതില്‍ അദ്ദേഹത്തിനുള്ള മികവ് അപാരമാണ്. അതുകൊണ്ട് ഷോട്ട് തിരഞ്ഞെടുത്ത് കളിക്കാന്‍ മറ്റുള്ളവരേക്കാള്‍ സമയം ഗില്ലിക്ക് ലഭിക്കുന്നു. മൈതാനത്തെ മുഴുവന്‍ സ്ഥലങ്ങളിലും പന്തെത്തിക്കാന്‍ കഴിവുള്ള താരം.

5. ജാക്ക് കാലിസ്


ഏതു സാഹചര്യത്തിലും കളിയുടെ ഏതു രൂപത്തിലും തിളങ്ങാന്‍ കഴിവുള്ള താരങ്ങളിലൊരാള്‍. സാങ്കേതികമായ ജ്ഞാനവും ഷോട്ട് സെലക്ഷനിലുള്ള മികവുമാണ് കാലിസിനെ വ്യത്യസ്തനാക്കുന്നത്. ഇന്നിങ്‌സ് കെട്ടിപ്പടുക്കാനുള്ള ശേഷിയും സ്‌കോറിങ് അതിവേഗത്തിലാക്കാനുള്ള മികവും അദ്ദേഹത്തില്‍ ഒരുപോലെ സമ്മേളിച്ചിരിക്കുന്നു.

6.എം.എസ്. ധോനി


പകരംവെക്കാനില്ലാത്ത താരം. ലോകക്രിക്കറ്റിലെ എറ്റവും ബുദ്ധിമാനായ ബാറ്റ്‌സ്മാന്‍. സ്റ്റാമിനകൊണ്ടും കരുത്തുകൊണ്ടും നിങ്ങളെ ഇടിച്ചുവീഴ്ത്താന്‍ കഴിയുന്ന ഒരു ബോക്‌സറെപ്പോലെയാണ് ധോനി. സാഹചര്യങ്ങള്‍ വളരെപെട്ടെന്ന് വിലയിരുത്തുകയും അതിനനുസരിച്ച് തന്ത്രങ്ങള്‍ മാറ്റുകയും ചെയ്യുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍.

7. വീരേന്ദര്‍ സെവാഗ്


ലോകക്രിക്കറ്റിലെ എറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍. എല്ലാ ബൗളര്‍മാരും ഒരുപക്ഷേ, പന്തെറിയാന്‍ ഭയപ്പെടുന്ന താരവും വീരുവായിരിക്കും. മികച്ച സ്‌ട്രോക്കുകളാണ് പ്രത്യേകത. സമ്മര്‍ദമില്ലാതെ സാഹചര്യങ്ങളെ നേരിടുകയാണ് സെവാഗിന്റെ രീതി. കളിയേതായാലും സെവാഗിന് ഒരു മന്ത്രമേയുള്ളൂ, പന്ത് കാണുക, അതടിച്ചകറ്റുക.


8. ആന്‍ഡ്രു സൈമണ്ട്‌സ്


ക്രിക്കറ്റിലെ കടുപ്പക്കാരായ ഹിറ്റര്‍മാരിലൊരാള്‍. എത്ര കടുത്ത സാഹചര്യങ്ങളില്‍നിന്നും മത്സരം രക്ഷിച്ചെടുക്കുന്നു. അതിന് യോജിക്കുന്ന ഒരുപിടി ഷോട്ടുകള്‍ സൈമണ്ട്‌സിന് സ്വന്തമായുണ്ട്. സ്വതേ കടുപ്പക്കാരനും പോരാളിയുമാണ് സൈമോ. മികച്ച ബൗളിങ്ങും ഫീല്‍ഡിങ്ങും കൂടി ചേരുമ്പോള്‍ സൈമോ സമ്പൂര്‍ണ ട്വന്റി 20 പാക്കേജായി മാറും.

9. തിലകരത്‌നെ ദില്‍ഷന്‍


ട്വന്റി 20യില്‍ പുതിയതായൊരു ഷോട്ട് കണ്ടുപിടിച്ച താരം. കാല്‍മുട്ടിലൂന്നിനിന്ന് വിക്കറ്റ് കീപ്പര്‍ക്ക് നേരെ പിന്നിലേക്ക് പന്ത് തോണ്ടിയെറിയുന്ന 'ദില്‍സ്‌കൂപ്പ്' എന്ന ഷോട്ടിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. സെവാഗിനെപ്പോലെ ആക്രമണ ബാറ്റിങ് ശൈലിക്കുടമയാണ് ദില്‍ഷനും.

10. മാത്യു ഹെയ്ഡന്‍


മങ്കൂസ് ബാറ്റുണ്ടെങ്കിലും ഇല്ലെങ്കിലും ലോക ക്രിക്കറ്റിലെ കാളക്കൂറ്റന്‍. ഫോമിലാണെങ്കില്‍ ഹെയ്‌ഡോസിനെ നിയന്ത്രിക്കാന്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടും. മികച്ച ഫുട്ട്‌വര്‍ക്കുള്ള ബിഗ് ഹിറ്റര്‍മാരിലൊരാളാണ് മാത്യു ഹെയ്ഡന്‍. താന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത

Thursday, April 1, 2010

ബ്ലോഗും ഞാനും കഴിഞ്ഞ 2 വര്‍ഷങ്ങളും




ലോകത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഉടനടി അറിഞ്ഞിരുന്നാല്‍ അതെല്ലാം വിചിത്രമായി എഴുതാന്‍ പറ്റിയാല്‍ ഒരു പക്ഷെ ആയിരങ്ങള്‍ ബ്ലോഗ്‌ വായിക്കാന്‍ ഉണ്ടാവാം അല്ലെങ്കില്‍   എന്തെങ്കിലും കാര്യങ്ങളെ പറ്റി അധിമനോഹാരമായി എഴുതാനുള്ള ഒരു സാന്മാര്‍ഗിക കഴിവ് വേണം . ഇതൊന്നുമില്ലാതെ ജിമെയില്‍ എന്ന പാവം മെയിലും നോക്കി അവിടെ കുത്തി ഇവിടെ കുത്തി ഇരുന്ന ഞാന്‍ എങ്ങനെയോ 2007 ല്‍ ബ്ലോഗ്ഗര്‍ അക്കൗണ്ട്‌ തുടണ്ടി പിന്നെയും രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഈ ബ്ലോഗ്‌ എന്താണെന്നു മനസില്ക്കിയത് തന്നെ .. അതിനു എന്നെ സഹായിച്ച മുന്നാര്‍ സ്വദേശി അജീഷിനു നന്ദി .. എഴുതി തുടങ്ങിയപ്പോള്‍ തന്നെ എന്തെഴുതണം  എങ്ങനെ ഏഴുതും എന്നുള്ള ആശങ്ക .. ഒടുവില്‍ രണ്ടും കല്പിച്ചുള്ള എഴുത്താരംഭിച്ചു.. ചില്ലറ മോഷണങ്ങളിലയിരുന്നു      തുടക്കം ഒരു കമന്റ്‌ പോലും ഇല്ല കുറച്ചു പേര്‍ മാത്രം വിസിറ്റ് ചെയ്തു പോകുന്നു എന്നല്ലാതെ ഒന്നുമില്ലായിരുന്നു.  മഹാനായ ബെര്‍ലി തോമസിന്റെ ബ്ലോഗും നോക്കി ബെര്‍ലി കമന്റ്സ് കണ്ടങ്ങനെ  കാലം കഴിച്ചു കൂട്ടി .  


പിന്നെ പ്രവാസി മലയാളികള്‍ ലോകത്തിന്റെ മുക്കിലും മൂലയിലും ഇരുന്നെന്റെ ബ്ലോഗും വല്ലപ്പോഴും  വായിക്കാന്‍ തുടങ്ങി അങ്ങനെ വല്ലപോഴും ഒരു കമന്റ്സ് പടി കടന്നെത്തി , ആരെങ്കിലും നോക്കുന്നുന്ടെങ്കില്‍ കൂടുതല്‍ സൌന്ദര്യം ഉണ്ടെന്നു ചിന്ത്തിക്കുന്ന പെണ്‍കുട്ടിയെ പോലെ ഞാനും മാറി തുടങ്ങി അധി വേഗം ബെഗു ദൂരം  .. അങ്ങനെ ഞാനും എഴുതി തുടങ്ങി ..ഒരു ജോലിയും ഇല്ലത്ത് കൊണ്ടല്ല ഇങ്ങന എല്ലാ ദിവസവും ബ്ലോഗില്‍ ഞാന്‍ എഴുതുന്നത്‌  മരുഭുമിയുടെ  കൊടും ചൂടിലും മലയാളത്തെ സ്നേഹിക്കുന്ന കുറെ പേര്‍ ഗള്‍ഫില്‍ ഇപ്പോളും ഉണ്ട് എന്റെ ബ്ലോഗിലെ ഏറെ വായനക്കാരും ഇത്തരക്കാരാണ് .. വായന സുഖം ഒന്നും കിട്ടിയില്ലങ്കിലും ഇവിടെ എന്ത് നടക്കുന്നു എന്ന് അവര്‍ക്ക് കുറച്ചു മനസിലായാല്‍ ഞാന്‍ ധന്യനായി .ഐ പി എല്‍ എന്ന വസന്തം കേരളത്തിലേക്കും എത്തുന്നു എന്നറിഞ്ഞപ്പോള്‍ ഐ പി എല്‍ കൊച്ചി എന്നെന്റെ ബ്ലോഗിന്റെ പേരും മാറ്റി .. വിവരങ്ങളൊക്കെ ഞാന്‍ അറിഞ്ഞു വരുമ്പോളേക്കും അതൊക്കെ ആരെങ്കിലും ഒക്കെ പോസ്റ്റു ചെയ്തിരിക്കും എന്നാലും ഉള്ളതാവട്ടെ .  പ്രിയ കൂട്ടുകാരെ വായിച്ചു മടങ്ങുമ്പോള്‍ ഒരു വരിയില്‍ നിങ്ങളുടെ വിമര്‍ശങ്ങളും അഭിപ്രായങ്ങളും എഴുതുക .. അതെനിക്കൊരു പ്രജോദനം ആയേക്കാം .. ഒരു ബെര്‍ലി ആയില്ലന്കിലും ചെറിയ ഒരു ബ്ലോഗര്‍ ആയി ഞാന്‍ ഇവിടെ കാണും  ... നിങ്ങളുടെ സ്വന്തം